modi-trump
modi, trump

അഹമ്മദാബാദ് : ' നമസ്തേ, ഇന്ത്യ... പ്രിയ സുഹൃത്ത് മോദിക്ക് നന്ദി പറഞ്ഞ് തുടങ്ങട്ടെ, അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു... ഞാനും കുടുംബവും 8000 മൈൽ താണ്ടിയെത്തിയത് ഈ സന്ദേശം പകരാനാണ്... ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയിൽ ഒന്നേകാൽ ലക്ഷം പേരെ കൈയിലെടുത്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യ ഇന്ത്യാ സന്ദർശനത്തിന് ആവേശത്തുടക്കമിട്ടു. മോദിക്കൊപ്പം സബർമതി ആശ്രമം സന്ദർശിച്ച ശേഷമാണ് ട്രംപും ഭാര്യ മെലാനിയയും ഇന്നലെ ഉച്ചയ്ക്ക് 'നമസ്തേ, ട്രംപ് " പരിപാടിക്കെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയും ഇന്ത്യയ്ക്ക് ഭൂമിയിലെ ഏറ്റവും മികച്ച ആയുധങ്ങൾ നൽകുമെന്നും 300 കോടി ഡോളറിന്റെ (21,000 കോടിയിലേറെ രൂപ) പ്രതിരോധ ഇടപാടിൽ ഇന്ന് ഒപ്പിടുമെന്നും പ്രഖ്യാപിച്ചും തീവ്രവാദത്തിനെതിരെ സംയുക്ത പോരാട്ടത്തിന് ആഹ്വാനം ചെയ്തും പരിപാടി യു.എസ് പ്രസിഡന്റ് അവിസ്മരണീയമാക്കി.

'നമസ്തേ ട്രംപ് , ഇതൊരു ചരിത്ര നിമിഷം..." ട്രംപിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി 'ഇന്ത്യ- അമേരിക്ക സൗഹൃദം നീണാൾ വാഴ്ക" എന്ന് സദസിനെക്കൊണ്ടും ഏറ്റുപറയിച്ചാണ് അതിഥികൾക്ക് ആദരമേകിയത്. ഇന്ത്യ- അമേരിക്ക ബന്ധം മഹത്തായതാണ്. ഒന്ന് സ്വാതന്ത്ര്യത്തിന്റെ ഭൂമി, മറ്റേത് ലോകമൊന്നാകെ ഒരു കുടുംബമെന്ന് വിശ്വസിക്കുന്നവരുടേത്. ഒരു രാജ്യം സ്റ്റാച്യു ഒഫ് ലിബർട്ടിയിൽ അഭിമാനിക്കുന്നു. മറ്റേത് സ്റ്റാച്യു ഒഫ് യൂണിറ്റിയിലും (സർദാർ വല്ലഭായി പട്ടേൽ പ്രതിമ). ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്ക് ട്രംപിന് സ്വാഗതം"- മോദി പറഞ്ഞു.

സ്റ്റേഡിയത്തിൽ പ്രവേശിച്ചയുടൻ പരസ്പരം അശ്ളേഷിക്കാനും ഇരുവരും മറന്നില്ല.

മോദി അക്ഷീണം ഇന്ത്യയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന സുഹൃത്താണെന്ന് പറയുന്നതിൽ അഭിമാനിക്കുന്നെന്ന് പറഞ്ഞാണ് ട്രംപ് ജനാവലിയെ അഭിസംബോധന ചെയ്തത്. അഞ്ചു മാസം മുൻപ് ടെക്സസിലെ വലിയ ഫുട്ബാൾ സ്റ്റേഡിയത്തിൽ നിങ്ങളുടെ പ്രധാനമന്ത്രിയെ യു.എസ് സ്വീകരിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ‌ ഇന്ത്യ യു.എസിനെ സ്വീകരിക്കുന്നു. ഈ സ്നേഹം ഞാനും എന്റെ കുടുംബവും ജീവിതത്തിലുടനീളം ഓർക്കും.

മോദി കർക്കശക്കാരൻ

എല്ലാവരും സ്നേഹിക്കുന്ന മോദി പക്ഷേ, അദ്ദേഹം അല്പ 'കർക്കശക്കാരൻ " ആണെന്ന് ട്രംപ് പറഞ്ഞു. ചായ വില്പനക്കാരനിൽ നിന്ന് വളർന്ന് ഇന്ത്യൻ പ്രധാനമന്തിയായ മോദി

ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിജയമാണ് നേടിയത്. ഇന്ത്യയുടെ കുതിച്ചുചാട്ടത്തിന് മോദി അടിത്തറയിട്ടു. കഠിനാദ്ധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും പച്ചയായ തെളിവാണ് ആ ജീവിതം. 70 വർഷം കൊണ്ട് ഇന്ത്യ ലോകത്തെ ഒന്നാം നിര രാഷ്ട്രങ്ങളിലൊന്നായി. മോദിക്ക് കീഴിൽ വളരെപ്പെട്ടെന്ന് നേട്ടങ്ങൾ കൊയ്തു.

മുൻനിര പ്രതിരോധ പങ്കാളി

ഇരുരാജ്യങ്ങളും തമ്മിൽ 300കോടി യു.എസ് ഡോളറിന്റെ ആയുധക്കരാർ ഇന്ന് ഒപ്പുവയ്ക്കും. സൈനിക ഹൈലിക്കോപ്ടറും മറ്റ് ആയുധങ്ങളും നൽകാൻ ധാരണയാകും. ഇന്ത്യ- യു.എസ് കര-നാവിക-വ്യോമ സേനകളുടെ സംയുക്ത അഭ്യാസമായ 'ടൈഗർ ട്രയംഫ്" നാഴികക്കല്ലാണ്. ഇന്ത്യയെ ഞങ്ങളുടെ ഒന്നാംനിര പ്രതിരോധ പങ്കാളിയാക്കും.

ഇന്ത്യയുമായി വലിയ വ്യാപാര കരാറിൽ ഏർപ്പെടാനും ഒരുങ്ങുകയാണ്. പക്ഷേ, മോദി വിട്ടുവീഴ്ചയില്ലാത്ത വിലപേശലുകാരനാണ്.

പാകിസ്ഥാനുമായി നല്ല ബന്ധം

ഭീകരതയ്ക്കെതിരെ യോജിച്ചുള്ള പ്രവർത്തനത്തിന് അമേരിക്കയും ഇന്ത്യയും പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയും അമേരിക്കയും ഇസ്‍ലാമിക ഭീകരതയുടെ ഇരകളാണ്. പാകിസ്ഥാനുമായി അമേരിക്കയ്ക്ക് നല്ല ബന്ധമാണുള്ളത്. പാകിസ്ഥാൻ അതിർത്തിയിലെ ഭീകരസംഘടനകളെ ഇല്ലാതാക്കാൻ പാകിസ്ഥാനുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനം അവസാനിപ്പിക്കണമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബഹിരാകാശത്തും ഒറ്റക്കെട്ട്

ബഹിരാകാശ ഗവേഷണ രംഗത്ത് ഇരു രാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ്. ചന്ദ്രയാൻ - രണ്ട് മഹത്തായ പദ്ധതിയാണ്. ഈ മേഖലയിൽ കൂടുതൽ സഹകരണത്തിന് അമേരിക്ക സന്നദ്ധമാണ്. ഒന്നിച്ചുള്ള ആകാശയാത്രയ്ക്കും ‌ഞങ്ങൾ റെഡി.

ഷോലെ, സച്ചിൻ, കൊഹ്‌ലി

ഇന്ത്യൻ സിനിമയെയും ക്രിക്കറ്റിനെയും പ്രശംസിച്ച ട്രംപ് സച്ചിൻ, കൊഹ്‌ലി എന്നിവരെ പേരെടുത്ത് പരാമർശിച്ചു. ക്ളാസിക്ക് സിനിമ പോലുള്ള 'ദിൽവാലേ ദുൽഹനിയാ ലെ ജായേംഗെ', 'ഷോലെ" എന്നിവയിൽ സന്തോഷം ആസ്വദിക്കുന്നവരാണ് ഇന്ത്യാക്കാർ. ലോകത്തെവിടെയും ബോളിവുഡ് സിനിമ കാണുന്നവരുണ്ട്. വർഷം 2000ത്തിലേറെ ചിത്രങ്ങളാണ് ഇന്ത്യയിൽ പ്രദർശനത്തിനെത്തുന്നത്. നൂറിലേറെ ഭാഷകളും വൈവിദ്ധ്യ സംസ്കാരവുമായിട്ടും മഹത്തായ രാജ്യത്തിലെ ഒരൊറ്റ ജനതയാണെന്ന ഐക്യബോധം എല്ലാവരിലുമുണ്ട്- നീണ്ട കരഘോഷത്തിനിടെ ട്രംപ് പറഞ്ഞു.