ശ്രീനഗർ: ജമ്മു-കാശ്മീരിലെ മദ്രസയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്ത് ഇന്ത്യൻ സൈന്യം. ജമ്മു-കാശ്മീരിലെ ദോഹ ജില്ലയിലെ മദ്രസയിലാണ് ആർമി പഠനോപകരണങ്ങൾ വിതരണം ചെയ്തതെന്ന് സൈന്യത്തിന്റെ വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മദ്രസയിലെ വിദ്യാർത്ഥികളെ പഠനത്തിലേക്ക് ആകർഷിക്കാനും, വിദ്യാഭ്യാസത്തിലൂടെ മതമൗലികവാതങ്ങളിൽ നിന്നും വേർപ്പെടുത്തി രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് അവരെ നയിക്കാനുമാണ് ഈ പരിപാടിയുടെ ഉദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫാത്തിമ-തുസ്-സുഹ്ര മദ്രസയിൽ സംഘടിപ്പിച്ച പരിപാടിക്ക് വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും പ്രദേശവാസികളിൽ നിന്നും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. 90 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് അവരുടെ ഭാവി നിർവചിക്കാനുള്ള അവസരമാണ്ഈ പരിപാടിയിലൂടെ ലഭിക്കുന്നത്. പ്രദേശവാസികളുടെ സൽപ്പേര് വർദ്ധിപ്പിക്കുകയും പ്രദേശത്തെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കർമ്മപദ്ധതിയാണിത്. ഇത്തരത്തിലുള്ള പദ്ധതികളിലൂടെ കാശ്മീരികളുടെ പിന്തുണ നേടാനാവുമെന്നാണ് സേനയുടെ വിശ്വാസം- സൈന്യത്തിന്റെ വക്താവ് വ്യക്തമാക്കി.