agra

അഹമ്മദാബാദ്: കാത്തിരുന്ന നായകനെ രാജ്യം വരവേറ്റത് ആവേശത്തിൽ മുങ്ങിനിവർന്ന ആഘോഷത്തിമിർപ്പോടെ. മൊട്ടേര സ്റ്റേഡിയമൊന്നാകെ വലിയൊരു പൂക്കൂട പോലെ ട്രംപിനു മുന്നിൽ ഹൃദയം തുറന്നു നിന്നു. ബോളിവുഡിന്റെ തട്ടുപൊളിപ്പൻ നമ്പറുകൾ മുതൽ ഗുജറാത്തി നാടോടി സംഗീതം വരെ, വിമാനത്താവളം മുതൽ സ്റ്റേഡിയം വരെയുള്ള 22 കിലോമീറ്റർ ദൂരം സംഗീതസാന്ദ്രം. വർണം വിതറി റാസ്ഗർബ കലാകാരന്മാർ മൊട്ടേര സ്റ്റേഡിയത്തിനു മുന്നിൽ നിറഞ്ഞാടി. പതിനായിരങ്ങൾ അതിരാവിലെ മുതൽ കാത്തിരുന്ന വേദിയിൽ തിരയിളക്കിയത് അക്ഷരാർത്ഥത്തിൽ ഉത്സവമേളം...

ട്രംപിന്റെ വരവേല്പിനായി രാവിലെ 9:20- ഒാടെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലേക്കു തിരിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ എയർഫോഴ്സ് വൺ വിമാനം അഹമ്മദാബാദ് വിമാനത്താളത്തിന്റെ റൺവേ തൊട്ടത് കൃത്യം 11.39 ന്. ഇന്ത്യയുടെ മണ്ണിലേക്ക് ട്രംപിനും ഭാര്യ മെലാനിയയ്‌ക്കും സ്നേഹസ്വാഗതം.വരവേല്പിന് നിറം പകരാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ എത്തിയിരുന്നു. നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിന് ഊന്നൽ നൽകിയായിരുന്നു കലാവൈവിദ്ധ്യം.

എയർപോർട്ടിൽ നിന്ന് ട്രംപിന്റെ വാഹനവ്യൂഹം നേരെ സബർമതി ആശ്രമത്തിലേക്ക്. ഇതിനിടെ മോദിയോടൊപ്പം 22 കി.മി നീളുന്ന റോഡ് ഷോയും ട്രംപ് നടത്തി. 29 സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ് റോഡ് ഷോയിൽ പങ്കു ചേർന്നത്. ദക്ഷിണേന്ത്യയിൽ നിന്ന് ഭരതനാട്യത്തിനു പുറമെ അഹമ്മദാബാദ് മുദ്ര സ്കൂൾ ഒഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസ് സംഘം കഥകളിയും മോഹിനിയാട്ടവും അവതരിപ്പിച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശികളായ അനന്ത് മേനോൻ, സഹോദരി അപർണ എന്നിവരാണ് മുദ്രയ്ക്കു നേതൃത്വം നൽകുന്നത്. മുൻപ് ജപ്പാൻ, ഇസ്രയേൽ പ്രധാനമന്ത്രിമാർ അഹമ്മദാബാദ് സന്ദർശിച്ചപ്പോഴും സ്വാഗതത്തിന് ഭാരതീയമുദ്ര‌യുമായി നിരന്നത് ഇവർ തന്നെ.

പരമ്പരാഗത ഗുജറാത്തി വേഷമണിഞ്ഞ് പാട്ടുമായി സ്കൂൾ വിദ്യാർത്ഥികൾ റോഡ് ഷോയിലുടനീളം നൃത്തം ചവിട്ടുന്നുണ്ടായിരുന്നു.

സബർമതിയിലെത്തിയ ട്രംപിനെ ആശ്രമപരിസരം ചുറ്റിനടന്നു കാണിക്കാൻ മോദി കൂട്ടുചെന്നു. ആശ്രമ സന്ദർശനത്തിനു ശേഷം നമസ്തേ ട്രംപിനായി മൊട്ടേരയിലേക്ക് ട്രംപും മോദിയും മെലാനിയയും തിരിച്ചത് ഉച്ചയ്‌ക്ക് ഒരുമണിയോടെ.

ട്രംപിന്റെ മകൾ ഇവാൻകയും ഭർത്താവ് ജെറാഡ് കുഷ്‌നറും മൊട്ടേരയിൽ എത്തിയിരുന്നു. ഒരു ലക്ഷത്തിലധികം പേർക്ക് ഇരിക്കാവുന്ന,​ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സമുദ്രം പോലെ നിറ‌ഞ്ഞുനിന്നു. ട്രംപിന്റേയും മോദിയുടേയും പ്രസംഗത്തെ സ്റ്റേഡിയം വരവേറ്റത് ഇരമ്പിയാർക്കുന്ന കരഘോഷത്തോടെ. മോട്ടേരയിലെ ട്രംപ് ഷോ 2:33 വരെ നീണ്ടു.

ഇനി ഇന്ദ്രപ്രസ്ഥം. 2:40 ന് അഹമ്മദാബാദിൽ നിന്ന് ഡൽഹിയിലേക്കു പുറപ്പെട്ട ട്രംപിനെ താജ്മഹലിന്റെ പ്രണയഭൂമികയായ ആഗ്രയിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചു മണിയോടെ സ്വീകരിച്ചു. മറ്റാരുടെയും അകമ്പടിയില്ലാതെ ട്രംപും മെലാനിയയും യമുനാനദിക്കരയിലെ നിത്യപ്രണയ സ്മാരകത്തിൽ കാഴ്ചകൾ കണ്ടു നടന്നു.