trump

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ താജ് മഹൽ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്താൻ മിനിറ്റുകൾ ബാക്കി നിൽക്കെ ഡൽഹിയിൽ വൻ സംഘർഷം. രാജ്യ തലസ്ഥാനത്തെ ഭജൻപുര, മൗജ്പുർ, ജാഫറാബാദ് എന്നിവിടങ്ങളിലാണ് സംഘർഷം ഉണ്ടായത്. സി.എ.എ. വിരുദ്ധ പ്രക്ഷോഭകരും നിയമത്തെ അനുകൂലിക്കുന്നവരും തുടർച്ചയായ രണ്ടാംദിവസവും ഏറ്റുമുട്ടുകയായിരുന്നു.

നടന്ന സംഘർഷത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടതായും മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥന് ഗുരുതരമായ പരിക്കേറ്റതായും വിവരമുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് വടക്കൻ ഡൽഹിയിലെ പത്തിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം നടത്തിയവർ വാഹനങ്ങൾ തീവെച്ച് നശിപ്പിച്ചതായും പൊലീസിന് നേരേ വെടി വച്ചതായും റിപ്പോർട്ടുണ്ട്.

വെടിയുതിർക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. രണ്ട് പ്രാവശ്യമാണ് ഇയാൾ പൊലീസിന് നേരെ വെടിയുതിർത്തതെന്നാണ് വിവരം. നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് പരസ്‌പരം കല്ലുകൾ വാരി എറിയുകയായിരുന്നു. ജാഫറാബാദിലും മൗജ്പുരിലും രണ്ട് വീടുകൾക്ക് ആക്രമികൾ തീവച്ചു. മൂന്ന് സ്ഥലങ്ങളിലും രൂക്ഷമായ കല്ലേറാണുണ്ടായതെന്നാണ്‌ റിപ്പോർട്ട്.

അഗ്നിരക്ഷാ സേനയുടെ വാഹനത്തിന് പോലും അക്രമികൾ തീവച്ചിട്ടുണ്ട്. സംഘർഷം നിയന്ത്രണാതീതമായതോടെ പൊലീസ് അക്രമികൾക്ക് നേരെ കണ്ണീർവാതകം ഉപയോഗിച്ചു. സംഘർഷ സ്ഥലങ്ങളിൽ കൂടുതൽ പൊലീസുകാർ എത്തിയിട്ടുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് ജാഫറാബാദ്, മൗജ്പുർ, ബാബർപുർ എന്നീ സ്റ്റേഷനുകൾ ഡൽഹി മെട്രോ അടച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ടും മൗജ്പുരിലും ജാഫറാബാദിലും സംഘർഷമുണ്ടായിരുന്നു.