കൊച്ചി: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സ്വർണവില പവന് ഇന്നലെ 32,000 രൂപയിലും ഗ്രാമിന് 4,000 രൂപയിലുമെത്തി. ഇന്നലെ മാത്രം പവന് 520 രൂപയും ഗ്രാമിന് 65 രൂപയും കൂടി. ഈ മാസം ഇതുവരെ പവന് 2,080 രൂപയും ഗ്രാമിന് 260 രൂപയുമാണ് കൂടിയത്. ഒരു പവൻ സ്വർണാഭരണത്തിന് പണിക്കൂലിയും നികുതികളുമടക്കം ഇപ്പോൾ 36,000 രൂപ വേണം.
കൊറോണ വൈറസ് ആഗോള സമ്പദ്വ്യവസ്ഥയ്ക്കുമേൽ കരിനിഴൽ വീഴ്ത്തിയതാണ് സ്വർണവിലക്കുതിച്ചുയരാൻ കാരണം. ഓഹരി-കടപ്പത്ര വിപണികളും ഡോളറിനെതിരെ പ്രമുഖ ഏഷ്യൻ കറൻസികളും കനത്ത നഷ്ടം നേരിടുന്നു. നിക്ഷേപകർ സുരക്ഷിത താവളമായി സ്വർണത്തെ കാണുന്നതും വിലക്കുതിപ്പിനിടയാക്കി.
$1,682
സ്വർണത്തിന്റെ രാജ്യാന്തര വില ഇന്നലെ 1,682 ഡോളർ വരെ ഉയർന്നത് കേരള വിലയെയും സ്വാധീനിച്ചു. കഴിഞ്ഞ വാരാന്ത്യം വില 1,646 ഡോളറായിരുന്നു. ന്യൂഡൽഹി ബുള്ള്യൻ വിപണിയിൽ വില പത്തുഗ്രാമിന് ഇന്നലെ 953 രൂപ ഉയർന്ന് 44,472 രൂപയായി. ഇത് റെക്കാഡാണ്.
ഓഹരി കൂപ്പുകുത്തി
കൊറോണ ഭീതി ഉടൻ ശമിക്കില്ലെന്ന വിലയിരുത്തലുകളെ തുടർന്ന് ഓഹരി വിപണി, രൂപ എന്നിവ നേരിട്ട തകർച്ച ഇന്നലെ സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടി. സെൻസെക്സ് 806 പോയിന്റും നിഫ്റ്റി 251 പോയിന്റുമാണ് ഇടിഞ്ഞത്. ഡോളറിനെതിരെ മൂന്നുമാസത്തെ താഴ്ചയായ 72.01 വരെ ഇടിഞ്ഞ രൂപ വ്യാപാരാന്ത്യം 71.98ലാണുള്ളത്.