അഹമ്മദാബാദ്: സബർമതി ആശ്രമത്തിലെ സന്ദർശക പുസ്തകത്തിൽ ഗാന്ധിജിയെ പരാമർശിക്കാതെ അഭിപ്രായം രേഖപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനപ്പെരുമഴ. സബർമതിയിൽ ട്രംപ് 15 മിനിറ്റോളം ചെലവഴിച്ചു. ചർക്കയിൽ നൂൽ നൂറ്റു. പക്ഷേ ഒരു വാക്കുകൊണ്ടുപോലും ഗാന്ധിയെ ഓർമ്മിച്ചില്ല! പകരം മോദിക്ക് നന്ദി അറിയിക്കുകയായിരുന്നു അദ്ദേഹം.
''ഈ അത്ഭുതകരമായ സന്ദർശനമൊരുക്കിയതിന് എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി''- സന്ദർശക പുസ്തകത്തിൽ ട്രംപ് കുറിച്ചത് ഇങ്ങനെ.
അതേസമയം, 2015 ൽ ഇന്ത്യ സന്ദർശിച്ച മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയാകട്ടെ, ഗാന്ധിജിയെ ലോകത്തിന്റെ മുഴുവൻ നായകൻ എന്നാണ് അനുസ്മരിച്ചത്. ''അന്ന് മാർട്ടിൻ ലൂഥർ കിങ് പറഞ്ഞത് ഇന്നും സത്യമായി തുടരുന്നു. ഇന്ത്യയിൽ ഇന്നും ഗാന്ധിജിയുടെ ആത്മാവ് ജീവിച്ചിരിക്കുന്നു. അത് ഇന്ത്യയ്ക്കെന്നല്ല, ലോകത്തിനു തന്നെ കിട്ടിയ അമൂല്യ നിധിയാണ്. നമ്മൾ, ഈ ലോകത്തിലെ ജനങ്ങളും രാജ്യങ്ങളും ഒക്കെ തമ്മിൽ സ്നേഹത്തോടും സമാധാനത്തോടും കൂടി സഹവർത്തിക്കാൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.''
രാജ്ഘട്ട് സന്ദർശിച്ചതിനു ശേഷം അന്ന് ഒബാമ കുറിച്ചതാണ് ഈ വരികൾ. ഒബാമയുടെയും ട്രംപിന്റെയും കുറിപ്പുകൾ താരതമ്യം ചെയ്തുള്ള പോസ്റ്റുകളുടെ ഘോഷയാത്രയാണ് സമൂഹ മാദ്ധ്യമങ്ങളിൽ.