വെല്ലിംഗ്ടൺ: അദ്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്രിൽ ഇന്ത്യ പത്ത് വിക്കറ്രിന് തോറ്രു. രണ്ടാം ഇന്നിംഗ്സിൽ 191 റൺസിന് ആൾ ഔട്ടായ ഇന്ത്യ ഉയർത്തിയ 9 റൺസിന്റെ വിജയ ലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ മറികടന്ന് നാലാം ദിനം തന്നെ ന്യൂസിലൻഡ് വിജയം സ്വന്താക്കി. സ്കോർ ഇന്ത്യ 165/10, 191/10.
ന്യൂസിലൻഡ് 348/10, 9/0. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ആദ്യമായി ഒരു പോയിന്റും കിട്ടാത്ത മത്സരമാണിത്.
144/4 എന്ന നിലയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് പക്ഷേ 16 ഓവർ കൂടിയേ പിടിച്ചു നിൽക്കാനായുള്ളൂ.
അജിങ്ക്യ രഹാനെയും (29), ഹനുമ വിഹാരിയും (15) പിടിച്ച് നിന്ന് ഇന്ത്യയെ കരകയറ്റുമെന്നുള്ള പ്രതീക്ഷ തുടക്കത്തിൽ തന്നെ തകർന്നു. നാലാം ദിനത്തിലെ മൂന്നാം ഓവറിൽ തന്നെ രഹാനെയെ ബൗൾട്ട് വാട്ട്‌ലിംഗിന്റെ കൈയിൽ ഒതുക്കി. പിന്നാലെ വിഹാരിയെ സൗത്തി ക്ലീൻബൗൾഡാക്കി. അശ്വനെ (4) സൗത്തിയും ഇശാന്തിനെ (12) ഗ്രാൻഡ് ഹോമ്മെയും വിക്കറ്റിന് പിന്നിൽ കുരുക്കി. അല്പനേരം പിടിച്ചു നിന്ന റിഷഭ് പന്തിനെ (25) സൗത്തിയുടെ പന്തിൽ ബൗൾട്ട് ക്യാച്ചെടുത്തു പറഞ്ഞു വിട്ടു. ലാസ്റ്ര്‌മാൻ ജസ്പ്രീത് ബുംറയെ പകരക്കാരൻ ഫീൽഡർ മിച്ചലിന്റെ കൈയിലൊതുക്കി സൗത്തി ഇന്ത്യൻ ഇന്നിംഗ്സിന് തിരശീലയിടുകയായിരുന്നു. ന്യൂസിലൻഡിനായി സൗത്തി അഞ്ചും ബൗൾട്ട് നാല് വിക്കറ്റും വീഴ്ത്തി.
തുടർന്ന് 9 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡിനെ ടോം ലതാമും (7), ടോം ബ്ലൻഡലും (2) ചേർന്ന് 1.4 ഓവറിൽ വിക്കറ്ര് നഷ്ടമില്ലാതെ വിജയ തീരത്തെത്തിക്കുകയായിരുന്നു.