mahathir-mohamad

 അൻവറുമായി തർക്കം

 പുതിയ സഖ്യത്തിന് നീക്കം

ക്വലാലംപൂർ: മലേഷ്യയെ അപ്രതീക്ഷിത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട്, പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് (94) രാജിവച്ചു. ലോകത്തെ ഏറ്റവും പ്രായമേറിയ ഭരണാധികാരിയായിരുന്നു മഹാതിർ. ഇന്നലെ ഉച്ചയോടെ മലേഷ്യൻ രാജാവിന് രാജിക്കത്ത് കൈമാറിയതായി മഹാതിറിന്റെ ഓഫീസ് അറിയിച്ചു.

മഹാതിറിന്റെ പിൻഗാമി എന്ന് അറിയപ്പെട്ട ഭരണകക്ഷിയിലുള്ള പീപ്പിൾസ് ജസ്റ്റിസ് പാർട്ടി (പി.കെ.ആർ) നേതാവ് അൻവർ ഇബ്രാഹിമുമായുള്ള തർക്കമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. മഹാതിറിന്റെ മലേഷ്യൻ യുണൈറ്റഡ് ഇൻഡിജീനിയസ് പാർട്ടി ഭരണപക്ഷ മുന്നണിയായ പാകാതൻ ഹാരാപനുമായുള്ള സഖ്യം ഉപേക്ഷിച്ചതായും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, പ്രധാന പ്രതിപക്ഷമായ യു.എം.എൻ.ഒ പാർട്ടിയുമായി ചേർന്ന് മഹാതിർ പുതിയ സർക്കാർ രൂപീകരിക്കാൻ ശ്രമം തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്.

അൻവർ ഇബ്രാഹിമിനെ ഒഴിവാക്കി പുതിയ സർക്കാർ ഉണ്ടാക്കാനാണ് മഹാതിറിന്റെ നീക്കം. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ക്വലാലംപൂരിൽ വിവിധ നേതാക്കളുടെ രഹസ്യ യോഗം നടന്നിരുന്നു. പി.കെ.ആറിൽ അൻവറിനെ പിന്തുണയ്ക്കാത്തവരും പ്രതിപക്ഷ നേതാക്കളും ഈ യോഗത്തിൽ പങ്കെടുത്തു.

മഹാതിർ- അൻവർ ഉടക്ക്

1981ൽ മഹാതിർ ആദ്യമായി പ്രധാനമന്ത്രിയായപ്പോൾ അൻവറായിരുന്നു ഉപ പ്രധാനമന്ത്രി. എന്നാൽ സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് 1998ൽ അൻവറിനെ പുറത്താക്കി. തുടർന്ന് ബദ്ധശത്രുക്കളായ ഇരുവരും തമ്മിലുള്ള പോര് ദീർഘകാലം മലേഷ്യൻ രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കി. 2018ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുവരും തമ്മിൽ സഖ്യത്തിലെത്തി. അന്നത്തെ പ്രധാനമന്ത്രിയായ നജീബ് റസാഖിനെ പുറത്താക്കി ആറ് പതിറ്റാണ്ട് നീണ്ട ബരിസാൻ നാഷണൽ സഖ്യത്തിന്റെ ഭരണം അവസാനിപ്പിച്ചു. 222ൽ 113 സീറ്റുകൾ സഖ്യം നേടി.അൻവർ ഇബ്രാഹിമുമായി പ്രധാനമന്ത്രി സ്ഥാനം പങ്കിടാമെന്നായിരുന്നു ധാരണ. ഇതിൽ വന്ന അഭിപ്രായ വ്യത്യാസങ്ങളാണ് അസ്വാരസ്യങ്ങൾക്കിടയാക്കിയത്.

മഹാതിർ മുഹമ്മദ്

 1981 ജൂലായ് 16 മുതൽ 2003 ഒക്ടോബർ 31 വരെ, സുദീർഘമായ രണ്ടു പതിറ്റാണ്ടിലധികം കാലം മലേഷ്യയുടെ പ്രധാനമന്ത്രി പദവി തുടർച്ചയായി അലങ്കരിച്ചു

 ആധുനിക മലേഷ്യയുടെ പിതാവ്.

 2018 ൽ വീണ്ടും മലേഷ്യയുടെ പ്രധാനമന്ത്രിയായി

മഹാതിറിന്റെ ഭരണത്തിൽ അടിസ്ഥാന സൗകര്യങ്ങളിലും വികസനത്തിലും മലേഷ്യ പുരോഗതി നേടി

 ചേരിചേരാ പ്രസ്ഥാനത്തിന്റെ 21-ാമത് സെക്രട്ടറി ജനറൽ

വിവിധ വിഷയങ്ങളിലായി ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവ്

അടുത്തകാലത്ത് ഇന്ത്യവിരുദ്ധ നിലപാടുകൾ സ്വീകരിച്ചിരുന്നു.

 കാശ്‌മീർ വിഷയത്തിൽ പാകിസ്ഥാൻ അനുകൂലമായി ഐക്യരാഷ്ട്രസഭയിൽ നിലപാടെടുത്തു

 തുടർന്ന ലോകത്തെ പ്രമുഖ പാമോയിൽ ഉത്പാദക രാജ്യമായ മലേഷ്യയിൽ നിന്നും ഇന്ത്യ പാമോയിൽ ഇറക്കുമതി നിറുത്തി.