ന്യൂഡൽഹി : സർക്കാരിനെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി ജഡ്ജി ദീപക് ഗുപ്ത. പ്രതിഷേധങ്ങള്‍ അക്രമങ്ങളിലേക്ക് തിരിയാത്ത പക്ഷം അടിച്ചൊതുക്കാൻ സർക്കാരിന് യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരായി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടക്കുന്ന നടപടികളെ സൂചിപ്പിച്ചാണ് ദീപക് ഗുപ്തയുടെ പ്രതികരണം. സുപ്രീം കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ 'ജനാധിപത്യവും വിയോജിപ്പും' എന്ന വിഷയത്തിൽ സംസാരിക്കരുകയായിരുന്നു അദ്ദേഹം.
സർക്കാർ എന്നും ശരിയായിരിക്കണമെന്നില്ല. എല്ലാവർക്കും തെറ്റുകൾ സംഭവിക്കാറുണ്ട്. അക്രമത്തിലേക്ക് തിരിയാത്ത പ്രതിഷേധങ്ങളെ ഞെരിച്ചമർത്താന്‍ സർക്കാരിന് അവകാശമില്ല. എതിർപ്പുകളെ രേഖപ്പെടുത്താനുള്ള അവസരമില്ലാതെ പോവുന്നത് ജനാധിപത്യത്തെ സാരമായി ബാധിക്കുമെന്നും ദീപക് ഗുപ്ത പറഞ്ഞു. സർക്കാരും രാജ്യവും വ്യത്യസ്തമാണ്. ഒരുപാർട്ടിക്ക് 51 ശതമാനം വോട്ട് ലഭിച്ചുവെന്നതുകൊണ്ട് 49 ശതമാനം ആളുകൾ അടുത്ത അഞ്ച് വർഷം നിശബ്ദരായിരിക്കണം എന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി..
വ്യത്യസ്ത കാഴ്ചപ്പാടുള്ളത് കൊണ്ട് രാജ്യത്തോട് ആദരവില്ലെന്ന് വിലയിരുത്തേണ്ടതില്ല. വ്യത്യസ്ത ആശയങ്ങൾ ഉയർന്നുവരുമ്പോൾ വിയോജിപ്പും ഉണ്ടാകും. ചോദ്യം ഉന്നയിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗമാണ്. അഭിഭാഷകർ ഇത്തരം വിഷയങ്ങളിൽ കുറ്റം ആരോപിക്കുന്നവർക്കായി ഹാജരാവില്ല എന്ന് പറയുന്നതും പ്രമേയം പാസാക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ശരിയല്ല. നിയമ സഹായം നിഷേധിക്കാൻ പാടുള്ളതല്ലെന്നും ദീപക് ഗുപ്ത പറഞ്ഞു.