കൊല്ലം: അമേരിക്കയുമായി ഭൗമത്വ രാഷ്ട്രീയ കരാർ ഒപ്പുവച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ അമേരിക്കയുടെ കാൽക്കീഴിൽ അടിയറവ് വച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അമേരിക്കയുമായി കരാർ ഒപ്പുവച്ച ദിനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം കരിദിനമാണ്. കോൺഗ്രസ് തുടങ്ങിവച്ചതെല്ലാം ബി.ജെ.പി അതിതീവ്രമായി നടപ്പാക്കുകയാണ്.രാജ്യത്തെ ഒരു ശതമാനം വരുന്ന സമ്പന്നരോട് മാത്രമാണ് കേന്ദ്ര സർക്കാരിന് താല്പര്യമെന്നും ബാക്കിയുള്ളവരെ അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കർഷകസംഘം സംസ്ഥാന പ്രസിഡന്റ കെ.കെ.രാഗേഷ് അദ്ധ്യക്ഷത തവഹിച്ചു.മന്ത്രിമാരായ എം.എം. മണി,എ.സി. മൊയ്തീൻ,ജെ.മേഴ്സിക്കുട്ടിഅമ്മ,സംഘം അഖിലേന്ത്യാ നേതാക്കളായ ഹനൻമുള്ള,അശോക് ധാവ്ലെ,കെ.വി.രാമകൃഷ്ണൻ,ബേബിജോൺ,സംസ്ഥാന സെക്രട്ടറി കെ.എൻ. ബാലഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
എന്തിനാണ് പഴയ ന്യായാധിപാ, ഇപ്പൊഴീ പൊള്ളൽ
ഇവിടെ ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി സംസാരിക്കുന്ന ഒരു ന്യായാധിപന്റെ സ്വരം കഴിഞ്ഞ ദിവസം കേൾക്കാനിടയായതായി പ്രസംഗത്തിനിടെ പിണറായി പറഞ്ഞു. ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം പറയരുതെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും നിലനിറുത്തികൊണ്ട് പറയുകയാണ്. ആര് പറഞ്ഞതാണ് അദ്ദേഹം കേട്ടത്. കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞതായിരിക്കില്ല. അങ്ങയുടെ മനസിലെ ഏതോ വികലമായ ധാരണ മുഖ്യമന്ത്രിയുടെ വായിൽ തിരുകാൻ ശ്രമിക്കരുത്. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്തവർ ഡൗട്ട് ഫുൾ ആകുമെന്നും പൗരത്വമില്ലാത്ത അവസ്ഥയിലാകുമെന്നുമാണ് അദ്ദേഹം പറയുന്നത്. ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട എന്യൂമറേഷൻ പ്രവർത്തനം നടക്കില്ലെന്നാണ് താൻ പറഞ്ഞത്. അതാണ് സർക്കാരിന്റെ തീരുമാനം. അതുകൊണ്ടുതന്നെ ജനസംഖ്യാ രജിസ്റ്റർ ഉണ്ടാകില്ല.
ആർക്ക് വേണ്ടിയാണ് പഴയ ന്യാധിപാ അങ്ങയുടെ വാദമെന്ന് പരിശോധിക്കണം. അത് ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടിയാണ്. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ഒഴികെയുള്ള എല്ലാ സംഘടനകളെയും പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിൽ സഹകരിപ്പിക്കും. ആർ.എസ്.എസ് എന്താണോ അപ്പുറം ചെയ്യുന്നത് അതാണ് ഈ രണ്ട് കൂട്ടരും ഇപ്പുറം ചെയ്യുന്നത്. എന്താണ് പഴയ ന്യാധിപാ ഇപ്പോഴീ പൊള്ളൽ അത്രമാത്രമേ ഇപ്പോൾ പറയുന്നുള്ളു. -പിണറായി പറഞ്ഞു.