ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൂടി മരിച്ചതായി റിപ്പോർട്ട്. മുഹമ്മദ് ഫുർഖാൻ എന്നയാൾ വെടിയേറ്റ് മരിച്ചെന്നാണ് റിപ്പോർട്ട്. മോജ്പൂരിൽ സി.എ.എ. വിരുദ്ധ പ്രക്ഷോഭകരും നിയമത്തെ അനുകൂലിക്കുന്നവരും തുടർച്ചയായ രണ്ടാംദിവസവും ഏറ്റുമുട്ടുകയായിരുന്നു.. കല്ലേറിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡൽഹി ഗോകുൽപുരി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രത്തൻലാൽ നേരത്തെ മരിച്ചിരുന്നു. കല്ലേറിൽ സഹദ്ര ഡിസിപിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സംഘർഷത്തിന് പിന്നാലെ വടക്കു കിഴക്കൻ ഡൽഹിയിൽ എട്ട് കമ്പനി സി.ആർ.പി.എഫിനെ വിന്യസിച്ചിട്ടുണ്ട്. ഒരു കമ്പനി വനിതാ ദ്രുതകർമ സേനയെയും വിന്യസിച്ചു. ഉദ്യോഗ് ഭവൻ, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടറിയേറ്റ്, ജൻപഥ് എന്നീ നാല് മെട്രോ സ്റ്റേഷനുകൾ കൂടി അടച്ചു. സെൻട്രൽ സെക്രട്ടറിയേറ്റിൽ മെട്രോ ട്രെയിൻ മാറിക്കയറാനുള്ള സംവിധാനം ഉണ്ടാകും. നേരത്തെ ഡൽഹി സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് മെട്രോ സ്റ്റേഷനുകൾ അടച്ചിരുന്നു. ട്രംപ് ഡൽഹിയിലേക്ക് വരുന്നതിന്റെ ഭാഗമായുള്ള സുരക്ഷ സംവിധാനത്തിന്റെ ഭാഗമായാണ് മെട്രോ സ്റ്റേഷനുകൾ അടച്ചത്.
സംഘർഷാവസ്ഥ കണക്കിലെടുത്ത് വടക്കൻ ഡൽഹിയിലെ പത്തിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം നടത്തിയവർ വാഹനങ്ങൾ തീവെച്ച് നശിപ്പിച്ചതായും പൊലീസിന് നേരേ വെടി വച്ചതായും റിപ്പോർട്ടുണ്ട്.