mottera

ആവേശത്തിമിർപ്പിൽ ജനക്കൂട്ടം

അഹമ്മദാബാദ്: ലോകത്തെ ഏറ്രവും വലിയ ക്രിക്കറ്ര് സ്റ്രേഡിയമായ അഹമ്മദാബാദിലെ സർദ്ദാർപട്ടേൽ സ്റ്രേഡിയത്തിൽ (മൊട്ടേര)​ ഇന്നലെ നടന്ന നമസ്തേ ട്രംപ് പരിപാടിയിൽ ഇന്ത്യൻ ക്രിക്കറ്റ് ഐക്കണുകളായ സച്ചിൻ ടെൻഡുൽക്കറുടെയും വിരാട് കൊഹ്‌ലിയുടേയും പേരെടുത്ത് പരാമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ പ്രസംഗത്തിൽ സച്ചിൻ ടെൻഡുൽക്കർ മുതൽ വിരാട് കൊഹ്‌ലി വരെ,​ ലോകത്തെ മികച്ച ക്രിക്കറ്ര് താരങ്ങൾക്കായി എന്നും ആർപ്പു വിളിച്ച രാജ്യമാണ് ഇന്ത്യ എന്ന് ട്രംപ് പറഞ്ഞപ്പോൾ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ഒരുലക്ഷത്തോളം ആളുകൾ കാതടപ്പിക്കുന്ന ശബ്ദത്തിൽ നിലക്കാത്ത കൈയടികളോടെയാണ് ആ വാക്കുകളെ വരവേറ്രത്. 1,​10000 പേർക്ക് ഒരേ സമയം മത്സരം കാണാവുന്ന തരത്തിൽ 700 കോടി രൂപ മുടക്കി പുതുക്കി പണിത മൊട്ടേര സ്റ്റേഡിയത്തിൽ നടന്ന ആദ്യ പരിപാടിയായിരുന്നു ഇത്. ആസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്ര് ഗ്രൗണ്ടിന്റെ പേരിലുള്ള ലോകത്തെ ഏറ്രവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന റെക്കാഡാണ് മൊട്ടേര മറികടന്നിരിക്കുന്നത്.