പെർത്ത്: വനിതാ ലോകകപ്പ് ട്വന്റി-20യിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ 18 റൺസിന് തോൽപ്പിച്ച് ഇന്ത്യ ഗ്രൂപ്പ് എയിൽ പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പതിനാറുകാരി ഓപ്പണർ ഷഫാലി വർമ്മയടെ (17 പന്തിൽ 39) തകർപ്പൻ ബാറ്രിംഗിന്റെ പിൻബലത്തിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ 8 വിക്കറ്ര് നഷ്ടത്തിൽ 124 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
ഷഫാലി വെടിക്കെട്ട്
പരിക്കേറ്ര സ്‌മൃതി മന്ദാനയ്ക്ക് പകരം താനിയ ഭാട്ടിയയാണ് ഷെഫാലിക്കൊപ്പം ഇന്ത്യൻ ഇന്നംഗ്സ് ഓപ്പൺ ചെയ്തത്. ബംഗ്ലാദേശിന്റെ കുന്തമുന ജഹനാര ആലം എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ തന്നെ സിക്സടിച്ച് ഷെഫാലി നയം വ്യക്തമാക്കി. സൽമ ഖാത്തുണിനെ ക്രീസിന് പുറത്തിറങ്ങി കളിക്കാനുള്ള ശ്രമത്തിനിടെ നിഗാർ സുൽത്താൻ സ്റ്റമ്പ് ചെയ്ത് താനിയയെ (2) രണ്ടാം ഓവറിൽ പുറത്താക്കിയെങ്കിലും പകരമെത്തിയ ജമെയ്‌മ റോഡ്രിഗസിനെ കൂട്ടുപിടിച്ച് ഷെഫാലി ഇന്ത്യൻ സ്കോർ അതിവേഗം ഉയർത്തി. ജഹാനര എറിഞ്ഞ മൂന്നാം ഓവറിൽ ഷെഫാലി ഒരു സിക്സും രണ്ട് ഫോറും നേടി. ആറാമത്തെ ഓവറിൽ ചേയ്ഞ്ച് ബൗളറായെത്തിയ പന്നാ ഘോഷിനെ സിക്സടിച്ചാണ് ഷഫാലി വരവേറ്രത്. എന്നാൽ മൂന്നാം പന്തിൽ പന്നെയെ സിക്സടിക്കാനുള്ള ഷഫാലിയുടെ ശ്രമം മിഡ്ഓഫിൽ ഷമിമ സുൽത്താന്റെ കൈയിൽ അനവസാനിക്കുകയായിരുന്നു. 17 പന്തിൽ 4 ഫോറും 2 ലസിക്സും ഉൾപ്പെടെ 39 റൺസുമായി ഷഫാലി മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ 53 ൽ എത്തിയിരുന്നു. ജെമെയ്മ (34) നല്ല സംഭാവന നൽകിയപ്പോൾ. ഹർമ്മൻ പ്രീത് കൗർ (8), ദീപ്തി ശർമ്മ(11), റിച്ചാ ഘോഷ് (14) എന്നിവർ നിരാശപ്പെടുത്തി. വേദ കൃഷ്ണമൂർത്തി (11 പന്തിൽ 20), ശിഖ പാണ്ഡെ (7) എന്നിവർ പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി ഖാത്തൂണും പന്നയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പൂനം പവർ
ആദ്യകളിയിൽ ആസ്ട്രേലിയക്കെതിരെ വിജയ ശില്പിയായ പൂനം യാദവിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ബൗളിംഗ് നിര മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന്റെ റണ്ണൊഴുക്ക് തടയുകയായിരുന്നു. 4 ഓവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് പൂനം വീഴ്ത്തിയ മൂന്ന് വിക്കറ്രുകൾ ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ശിഖ പാണ്ഡെ,ആരതി റെഡ്ഡി എന്നിവർ രണ്ട് വിക്കറ്ര് വീതം നേടി തങ്ങളുടെ റോൾ ഭംഗിയാക്കി. രാജേശ്വരി ഗെയ്ക്‌വാദ് ഒരു വിക്കറ്ര് വീഴ്ത്തി. 26 പന്തിൽ 5 ഫോറുൾപ്പെടെ 35 റൺസെടുത്ത നിഗർ സുൽത്താനയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. ഓപ്പണർ മുർഷിദ ഖാത്തൂൺ 30 റൺസ് നേടി.
സ്‌മൃതി മന്ദാനയുടെ അഭാവത്തിൽ എനിക്ക് കൂടുതൽ ഉത്തരവാദിത്തം ഉണ്ടെന്ന് അറിയാമായിരുന്നു.അത് മനസിൽ വച്ച് തന്നെയാണ് കളിച്ചത്. നന്നായി കളിക്കാനായതിലും ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കാനായതിലും വളരെ സന്തോഷമുണ്ട്. തുടർന്നും മികവ് തുടരാനാണ് ശ്രമം.
ഷഫാലി വർമ്മ