ആലപ്പുഴ:സംസ്ഥാനത്ത് നിലവിലുള്ള ട്രഷറി നിയന്ത്രണം ഏപ്രിൽ വരെ തുടരേണ്ടിവരുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു.കേരളത്തിനവകാശപ്പെട്ട ജി.എസ്.ടി കോമ്പൻസേഷൻ വിഹിതം കേന്ദ്രം നൽകാത്തതുമൂലമാണ് ഇതെന്നും അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചു.
മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയെ ട്രഷറി നിയന്ത്റണം ബാധിക്കുകയില്ല.കേന്ദ്രം രണ്ട് ഗഡു കോമ്പൻസേഷൻ തന്നു.എന്നാൽ ശേഷിച്ചത് ഇനിയും നൽകാൻ തയ്യാറായിട്ടില്ല.ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി.കഴിഞ്ഞ ജനുവരി 15 മുതൽ അഞ്ച് ലക്ഷത്തിൽ താഴെയുള്ള ബില്ലുകൾ മാത്രമേ ട്രഷറികളിൽ നിന്ന് ദിവസവും മാറുന്നുള്ളൂ.നിലവിലെ സാഹചര്യത്തിൽ ഇത് ഈ സാമ്പത്തിക വർഷാവസാനം വരെ തുടരും.ഏപ്രിൽ മുതലേ ഇതിന് മാറ്റം വരൂ.കൂടുതൽ തുകക്കുള്ള ബില്ലുകളിൽ ഡിസ്കൗണ്ട് ചെയ്തു നൽകാൻ ബാങ്കുകൾ സന്നദ്ധമായാൽ അത്തരം ബില്ലുകൾ മാറുന്നതിന് തടസമില്ല.ഡിസ്കൗണ്ട് ചെയ്യാൻ തയ്യാറാകുന്ന ബാങ്കുകൾക്ക് മേയ് മാസത്തിൽ സർക്കാർ പണം നൽകും.
മറ്റു ബില്ലുകൾ ഇന്നത്തെ സാഹചര്യത്തിൽ ഏപ്രിൽ മാസത്തോടെ മാത്രമേ നൽകാൻ കഴിയൂ .കേന്ദ്ര ധനകാര്യ കമ്മീഷൻ 15,000 കോടി കേരളത്തിന് അനുവദിച്ചിട്ടുണ്ട്.അത് അടുത്ത സാമ്പത്തിക വർഷമേ ലഭിക്കൂ.ഇത് ലഭിക്കുന്നതോടെ ട്രഷറി നിയന്ത്റണം പൂർണമായും പിൻവലിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.സംസ്ഥാനത്ത് 30,000 കോടിയുടെ കിഫ്ബി പദ്ധതികളാണ് നിർവഹണ ഘട്ടത്തിലുള്ളതെന്നും മന്ത്രി അറിയിച്ചു.