മുംബയ് : ബറാക് ഒബാമയോ അമേരിക്കയുടെ മുൻ പ്രസിഡന്റുമാരോ കണ്ട ഇന്ത്യയല്ല ഡൊണാൾഡ് ട്രംപ് കണ്ടതെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി.. ഡിജിറ്റൽ ഇക്കണോമിയും വൻമാറ്റങ്ങളും, വ്യവസായ രംഗത്തെ കരുത്തും നിറഞ്ഞ ഇന്ത്യയാണ് ട്രംപ് കണ്ടതെന്നും മുമ്പുള്ള അമേരിക്കൻ പ്രസിഡന്റുമാർ കണ്ട ഇന്ത്യയല്ല ഇതെന്നും അംബാനി വ്യക്തമാക്കി.
ജിമ്മി കാർട്ടറോ ബിൽ ക്ലിന്റണോ വന്നപ്പോഴുള്ള ഇന്ത്യയല്ല ഇപ്പോഴുള്ളത്. 2020ലെ ഇന്ത്യ അന്നുള്ളതിനേക്കാൾ എത്രയോ വ്യത്യസ്തമാണെന്നും അംബാനി പറഞ്ഞു. ഇന്ത്യാ സന്ദർശനത്തിന് എത്തിയ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദേലയുമായി നടത്തിയ സംഭാഷണത്തിലാണ് മുകേഷ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് നദേല ഇന്ത്യയിലെത്തിയത്. ഗുജറാത്തിലെ മൊട്ടേര സ്റ്റേഡിയം ഇന്ത്യ എത്രത്തോളം പുരോഗമിക്കുന്നുവെന്നതിന് ഉദാഹരണമാണെന്നും അംബാനി പറഞ്ഞു.
മൊട്ടേര സ്റ്റേഡിയത്തിലെ സാങ്കേതിക അടിസ്ഥാന സൗകര്യം ലോകോത്തരമാണ്. മറ്റൊരിടത്തും അതേ സൗകര്യം ലഭിക്കില്ല. 2020ന്റെ തുടക്കത്തിലെ പുതിയ ഇന്ത്യ ഇതാണെന്നും മുകേഷ് അംബാനി പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച മൂന്ന് വിപണികളിൽഒന്നാണ് ഇന്ത്യയെന്ന കാര്യത്തിൽ തർക്കമില്ല. താനും നദേലയും വളർന്ന ഇന്ത്യയായിരിക്കില്ല, അടുത്ത തലമുറ കാണാൻ പോകുന്നതെന്നും മുകേഷ് അംബാനി വ്യക്തമാക്കി. ഇന്ത്യയിലെ ഓരോ സംരംഭകനും ധീരുഭായ് അംബാനിയോ ബിൽ ഗേറ്റ്‌സോ ആവാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നാളെ ഡൽഹിയിൽപ്രമുഖ ബിസിനസ് മേധാവികളുമായി ട്രംപ് കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. അംബാനിയും ഇവർക്കൊപ്പമുണ്ടാവുമെന്നാണ് സൂചന