ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ 21000 കോടി രൂപയുടെ പ്രതിരോധ കരാറിൽ ഒപ്പിടുമെനന് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച നടക്കുന്ന ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ കരാറിൽ തീരുമാനമുണ്ടാകും.
അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയതത്തിൽ നടന്ന നമസ്ത ട്രംപ് പരിപാടിയിലാണ് കോടികളുടെ കരാറിനെക്കുറിച്ച് ട്രംപ് പ്രഖ്യാപിച്ചത്. ഊർജ വാതക ഇടപാടുകളിൽ നിർണായകതീരുമാനമുണ്ടാകാനും സാദ്ധ്യതയുണ്ട്. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ചൊവ്വാഴ്ച രാവിലെ പതിനൊന്നിനാണ് ട്രംപ് - മോദി കൂടിക്കാഴ്ച.
ഇന്ത്യയുമായുള്ള ബന്ധം വളർത്താനാണ് താൻ ഇന്ത്യയിലേക്ക് വന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള ചർച്ചകൾ നടക്കും. ഇന്ത്യ തങ്ങളുടെ സുപ്രധാന പ്രതിരോധ പങ്കാളിയാകാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാർഥ സുഹൃത്താണെന്നും ഇന്ത്യയിൽ ലഭിച്ച സ്വീകരണത്തിന് നന്ദി പറയുന്നതായും ട്രംപ് അറിയിച്ചു. ഇന്ത്യ സന്ദർശനത്തിന്റെ ആദ്യ ദിനം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലനിയ ട്രംപും ആഗ്രയിലെ താജ് മഹലും സന്ദർശിച്ചു. മകൾ ഇവാൻകയും മരുമകൻ ജാറദ് കുഷ്നറും ഇവർക്കൊപ്പമുണ്ടായിരുന്നു.