തിരുവനന്തപുരം: ചാക്ക ഫ്ളൈഓവർ തുറന്നു കൊടുത്തിട്ടും താഴെത്തെ റോഡിലെ വാഹനക്കുരുക്കിന് പരിഹാരമാകുന്നില്ല. വാഹനങ്ങൾ മിനിട്ടുകളോളം കാത്ത് കിടക്കുകയാണ്. എന്നാൽ ഇത്തവണത്തെ വില്ലൻ സിഗ്നൽ ലൈറ്റുകളുടെ സമയക്രമീകരണമാണ്. ഫ്ളൈഓവറിന് അടിഭാഗത്തുള്ള റോഡിലെ സിഗ്നൽ സംവിധാനം ശാസ്ത്രീയമായി പരിഷ്കരിച്ചില്ലെങ്കിൽ സ്ഥിതി ഇതിലും രൂക്ഷമാകുമെന്ന് യാത്രക്കാർ പറയുന്നു
പേട്ട ഭാഗത്തു നിന്നു ഫ്ളൈഓവർ വഴി പോകുന്ന വാഹനങ്ങളും വിമാനത്താവളത്തിലേക്കും വേളി ഭാഗത്തേക്കും പോകേണ്ട വാഹനങ്ങളും ചാക്ക യു.പി.എസിനു സമീപത്തെ സിഗ്നലിൽ ഒന്നരമിനിട്ടോളം കാത്തുകിടക്കണം.
വെയിലേറ്റ് അത്രയും നേരം കാത്തു നിന്നിട്ട് ഗ്രീൻ സിഗ്നൽ ലഭിക്കുന്നത് വെറും 30 സെക്കൻഡ്. തിരക്കേറിയ സമയത്ത് ഒന്നര മിനിട്ട് റോഡിൽ കാത്തു നിൽക്കുന്നവർക്കെല്ലാം 30 സെക്കൻഡ് കൊണ്ട് കടന്നു പോകാനാകില്ല. ചിലപ്പോൾ രണ്ടാമത്തെയോ മൂന്നാമത്തെയോ ഊഴം വരെ കാത്തു നിൽക്കണം.
അതായത് ഒരു പോയിന്റ് കടന്നു പോകാൻ നാലര മിനിട്ടോളമെടുക്കും.
പലപ്പോഴും വാഹനങ്ങളുടെ നിര ചാക്കയിൽ നിന്നും പേട്ട വരെ നീളും.
കഴക്കൂട്ടം ഭാഗത്തു നിന്നും പേട്ട, പാളയം, ഈഞ്ചയ്ക്കൽ ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ സർവീസ് റോഡ് വഴിയാണ് ഫ്ലൈ ഓവറിനടിയിലെ പാതയിലെത്തുന്നത്. ഇവിടെ ലെഫ്ട് ഫ്രീയാണെങ്കിലും ആ സൗജന്യം ലഭിക്കാറില്ല. ഇവിടെയും പച്ച സിഗ്നലിന്റെ ദൈർഘ്യം 30 സെക്കൻഡാണ്. ചുവപ്പ് തെളിഞ്ഞു കിടക്കുന്നത് ഒന്നരമിനിട്ടും. വാഹനങ്ങളുടെ നിര നീളുന്നതിനനുസരിച്ച് കടന്നു പോകാനെടുക്കുന്ന സമയവും നീളും. വേളി ഭാഗത്തു നിന്നും പേട്ട വഴി കടന്നു പോകേണ്ട വാഹനങ്ങൾക്ക് ചാക്ക സിഗ്നൽ കടന്നുപോകാൻ 35 സെക്കൻഡ് സമയം ലഭിക്കുന്നുണ്ട്. ഇവിടെ ചുവപ്പ് സിഗ്നൽ തെളിയുന്നത് 1.20 മിനിട്ടാണ്.
എന്തു സുഖമാണീയാത്ര
ഞായറാഴ്ച മുതലാണ് ചാക്ക ഫ്ലൈഓവറിന്റെ ഇരു വശവും ഗതഗതത്തിന് തുറന്നു കൊടുത്തത്. ചാക്കയിലെ സതീന്ദ്ര ആഡിറ്റോറിയത്തിന് മുന്നിൽ തുടങ്ങി എസ്.പി.എസ് കിംഗ്സ്വേ ഹോട്ടലിന് സമീപമാണ് ഫ്ളൈഓവർ അവസാനിക്കുന്നത്. ഇരുവശത്തും മൂന്നര മീറ്റർ വീതിയുള്ള രണ്ട് സ്ളിപ്പ് റോഡുകളുണ്ട്. ഈ സ്ളിപ്പ് റോഡുകളിലൂടെയാണ് ഫ്ളൈഓവറിലേക്ക് പ്രവേശിക്കുന്നത്.
l കഴക്കൂട്ടം കാരോട് ബൈപാസ് റൂട്ടിലെ ഏറ്റവും വലിയ ഫ്ളൈഓവർ
നീളം: 1.05 കിമീ
l സ ്പാനുകൾ 42
നീളം 25 മീറ്റർ
l ചെലവ് 172 കോടി
l നിർമ്മാണം തുടങ്ങിയത് 2018
l ഫ്ളൈ ഓവറിന്റെ വീതി 19.6 മീറ്റർ
l മീഡിയനും വശങ്ങളിൽ ക്രാഷ് ബാരിയർ
l നിർമ്മാണ ചുമതല കെ.എൻ.ആർ
കൺസ്ട്രക്ഷൻസ്