തിരുവനന്തപുരം : മേയറായിരുന്ന വി.കെ.പ്രശാന്ത് വട്ടിയൂർക്കാവ് എം.എൽ.എ ആയതോടെ ഒഴിവുവന്ന കഴക്കൂട്ടം വാർഡ് തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറക്കും. സ്കൂൾ, കോളേജ് പരീക്ഷകൾ കണക്കിലെടുത്താണ് ഉപതിരഞ്ഞെടുപ്പു ഏപ്രിലിലേക്കു മാറ്റുന്നത്. നിലവിലെ കോർപറേഷൻഭരണസമിതിക്ക് ആറു മാസത്തിൽ കൂടുതൽ കാലാവധിയുണ്ടെങ്കിൽ ഒഴിവു വരുന്ന സ്ഥാനത്തേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം.
അതിനാലാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കഴക്കൂട്ടത്ത് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പുണ്ടാകുമെന്ന പ്രതീക്ഷയിൽ കമ്മിറ്റികൾ വിളിച്ചു ചേർത്തും ബൂത്തുകളിൽ ചുമതലക്കാരെ നിശ്ചയിച്ചും മുന്നണികൾ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. റിക്കാഡ് ഭൂരിപക്ഷത്തോടെയാണ് (3272 വോട്ട്) കഴക്കൂട്ടത്തുകാർ കഴിഞ്ഞ തവണ വി.കെ. പ്രശാന്തിനെ കോർപറേഷനിലേക്ക് അയച്ചത്. മേയറെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രശാന്ത് വട്ടിയൂർക്കാവിൽ എം.എൽ.എ ആകുകയും ചെയ്തു.
മുന്നണികളുടെ കണക്കുകൂട്ടൽ
വി.കെ.പ്രശാന്തിന്റെ വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും പ്രദേശത്ത് പാർട്ടിക്കുള്ള സ്വാധീനവും ഇക്കുറി തുണയ്ക്കുമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ബി.ജെ.പിയിലും യു.ഡി.എഫിലും ഉണ്ടായ തർക്കങ്ങളും അടിയൊഴുക്കും അന്ന് എൽ.ഡി.എഫിനെ സഹായിച്ചിരുന്നു.
മുന്നണിക്കുള്ളിലെ പടലപ്പിണക്കം കാരണം കഴിഞ്ഞ തവണ നഷ്ടമായ വാർഡ് മികച്ച സ്ഥാനാർത്ഥിയെ ഇറക്കി തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനതാദൾ പ്രതിനിധിയായിരുന്നു വാർഡിൽ മത്സരിച്ചത്. ജനതാദൾ ഇപ്പോൾ മുന്നണിയിൽ ഇല്ലാത്തതിനാൽ കോൺഗ്രസ് വാർഡ് ഏറ്റെടുക്കും. കോൺഗ്രസിനു സീറ്റു ലഭിക്കാത്തതിന്റെ പേരിലുണ്ടായ പ്രതിഷേധങ്ങളെ തുടർന്നാണു വാർഡ് യു.ഡി.എഫിന് നഷ്ട മായത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വാർഡിലുണ്ടായ മുന്നേറ്റവും യു.ഡി.എഫിനു ആത്മവിശ്വാസം നൽകുന്നു.രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബി.ജെ.പി സ്ഥാനാർത്ഥി ഇക്കുറി ഒന്നാമതെത്താനുള്ള ശ്രമം തുടങ്ങി.
നിയമസഭ,ലോക്സഭ തിരഞ്ഞെടുപ്പുകളിലുണ്ടായ നേട്ടം വാർഡ് പിടിച്ചെടുക്കാൻ സഹായിക്കുമെന്നാണു ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
സ്ഥാനാർത്ഥി ചർച്ചകൾ സജീവം
ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എസ്.പ്രശാന്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി ആയേക്കും. സി.പി.എം ഏര്യാ കമ്മിറ്റി അംഗം കൂടിയാണ് പ്രശാന്ത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.ശ്രീകുമാറിന്റെ പേരും പരിഗണനയിലുണ്ട്.
യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് വി.ആർ.വിനോദ്, ഐ.എൻ.ടി.യു.സി ബ്ലോക്ക് പ്രസിഡന്റ് വി.ലാലു, കോൺഗ്രസ് വാർഡ് പ്രസിഡന്റ് സജി എന്നിവരെയാണ് യു.ഡി.എഫ് പരിഗണിക്കുന്നത്. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം കഴക്കുട്ടം അനിൽ ബി.ജെ.പി സ്ഥാനാർത്ഥിയാകാനാണ് സാദ്ധ്യത.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത
വോട്ട് - 6529
എൽ.ഡി.എഫ് –
വി.കെ.പ്രശാന്ത് – 4364
യു.ഡി.എഫ് –
വി.മോഹൻകുമാർ – 497
ബി.ജെ.പി –
എ.പി.എസ് നായർ –1092
സ്വതന്ത്രൻ–
ഷീജു ഇമ്മാനുവേൽ – 455