തിരുവനന്തപുരം: തമ്പാനൂരിലെ എസ്.എസ്. കോവിൽ റോഡിൽ ഒരിക്കലെങ്കിലും പോയിട്ടുള്ളവർ ചിന്തിച്ചിട്ടുണ്ടാകും ഇവിടെയെന്താ ഇത്ര മാത്രം തിരക്കെന്ന് !. രാവിലെ മുതൽ വൈകിട്ടു വരെ ഇടവേളകളില്ലാതെ വിദ്യാർത്ഥികൾ പോകുന്നത് ഇവിടെ കാണാം. അതിപ്പോൾ ഞായറാഴ്ചയാണെങ്കിലും വലിയ മാറ്റമില്ല. സർക്കാർ ജോലിയിലെ കോമ്പറ്റീഷനാണ് കാര്യം. എസ്.എസ് കോവിൽ റോഡിന് ഇപ്പോൾ യുവതലമുറയ്ക്കിടയിൽ ഒരു വിളിപ്പേരുണ്ട്, പി.എസ്.സി 'മുടുക്ക്". കാരണം വേറൊന്നുമല്ല മുക്കിലും മൂലയിലും കൂണുപോലെ മുളച്ചു പൊന്തിയ കോച്ചിംഗ് സെന്ററുകൾ തന്നെ. ഇടുങ്ങിയ റോഡിലെ ആദ്യ ചുവടുവയ്പിൽ തന്നെ മനസിലാകും ഇവിടെ പി.എസ്.സി കോച്ചിംഗ് സെന്ററുകളല്ലാതെ മറ്റൊന്നും തന്നെയില്ലെന്ന്. എങ്ങോട്ടു തിരിഞ്ഞാലും പി.എസ്.സി, എസ്.എസ്.സി, യു,പി.എസ്.സി, ആർ.ആർ.ബി, ബാങ്ക് കോച്ചിംഗുകൾ ലഭ്യമാകുമെന്ന ബോർഡുകൾ മാത്രം. ചെറുതും വലുതുമായി നൂറോളം സെന്ററുകൾ തമ്പാനൂരിൽ നിന്ന് തുടങ്ങി ഹൗസിംഗ് ബോർഡ് ജംഗ്ഷനിൽ അവസാനിക്കുന്ന എസ്.എസ്. കോവിൽ റോഡിലുണ്ട്. മാഞ്ഞാലിക്കുളത്തേക്കുള്ളതുൾപ്പെടെ എല്ലാ ഇടറോഡുകളിലും സെന്ററുകളുടെ ധാരാളിത്തം കാണാം.
ഓരോ മുറികളിൽ മാത്രമായി ഒതുങ്ങി കൂടുന്നവയും ബഹുനില കെട്ടിടങ്ങളിലെ എല്ലാ നിലകളും വാടകയ്ക്കെടുത്ത് പ്രവർത്തിക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്. പലതും പ്രവർത്തിക്കുന്നത് വീടുകളുടെയും സ്ഥാപനങ്ങളുടെയും ടെറസിലാണ്. പഠിക്കാനെത്തുന്നതിൽ ഭൂരിഭാഗവും സ്ത്രീകളാണെങ്കിലും പലതിന്റെയും പ്രവർത്തനം ശൗചാലയങ്ങൾ പോലുമില്ലാതെയാണെന്നും വിദ്യാർത്ഥികൾക്ക് പരാതിയുണ്ട്. മതിയായ സുരക്ഷയോ ചട്ടങ്ങളോ പാലിക്കാതെയാണ് ക്ലാസുകളെന്നും ആരോപണമുണ്ട്. ഉദ്യോഗാർത്ഥികളും വിദ്യാർത്ഥികളുമടക്കം ദിനംപ്രതി പതിനായിരത്തോളം പേരാണ് വിവിധ സമയങ്ങളിൽ ഇവിടെ പഠിക്കാനെത്തുന്നത്. സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ള നിരവധി അദ്ധ്യാപകരും ക്ലാസുകൾ എടുക്കുന്നുണ്ട്. കഴിഞ്ഞ പത്തുവർഷത്തിനിടയിലാണ് എസ്.എസ്.കോവിൽ റോഡിൽ പി.എസ്.സി കോച്ചിംഗ് സെന്ററുകൾ തഴച്ചു വളർന്നത്. തലസ്ഥാനത്തിന്റെ പി.എസ്.സി പഠന കേന്ദ്രമെന്ന് ഈ റോഡിനെ വിളിക്കാമെങ്കിലും ഇവിടെയുള്ള പല സെന്ററുകളുടെയും ശാഖകൾ ഗ്രാമങ്ങളിലും ചുവടുറപ്പിച്ചു കഴിഞ്ഞു.
സ്വീകാര്യത കൂടുമ്പോൾ ഫീസും കൂടും
സ്ഥാപനങ്ങളുടെ സ്വീകാര്യത വർദ്ധിക്കുന്നതോടെ ഫീസിലും വ്യത്യാസം വരും. വിദ്യാർത്ഥികളുടെ എണ്ണം കൂടുംതോറും ഫീസ് നിരക്കും കൂടും. ജോലി ലഭിക്കുന്നവരുടെ ശതമാനവും ഫീസ് നിരക്ക് നിശ്ചയിക്കുന്നതിൽ വലിയൊരു ഘടകമാണ്. വിദ്യാർത്ഥികളെ ആകർഷിക്കാൻ പ്രഗല്ഭരുടെ ക്ലാസുകളും സെന്ററുകൾ സംഘടിപ്പിക്കാറുണ്ട്. നിശ്ചിത പരീക്ഷകൾക്ക് ആറുമാസം വരെയാണ് ക്ലാസുകൾ പറഞ്ഞിരിക്കുന്നതും ഫീസുകൾ തീരുമാനിക്കുന്നതും. എന്നാൽ പരീക്ഷ വൈകിട്ട് ക്ലാസുകൾ തുടർന്നാൽ 1000 മുതൽ 3000 വരെ അഡിഷണൽ ഫീസും നൽകേണ്ടിവരും.
ടൈംടേബിൾ
l രാവിലെയും വൈകിട്ട് 2 മണിക്കൂർ ക്ലാസ്
(തിങ്കൾ-വെള്ളി)
l രാവിലെ മുതൽ വൈകിട്ട് വരെയുള്ള ക്ലാസുകൾ
(ആഴ്ചയിൽ 3 ദിവസം)
l ശനിയും ഞായറും മാത്രമുള്ള ക്ലാസുകൾ
ശരാശരി ഫീസ് നിരക്ക്
l ഡിഗ്രി ലെവൽ പരീക്ഷകൾക്ക് 7000 - 11000 രൂപ വരെ
l രണ്ടു മണിക്കൂർ ക്ലാസുകൾക്ക് മാസം 800 - 1200 രൂപ വരെ
l എൽ.ഡി.സി ബാച്ചുകൾക്ക് 7000-10000 വരെ