തിരുവനന്തപുരം: ആധാറുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനും ആധാർ കാർഡ് പുതുക്കുന്നതിനും ഇനി പരക്കംപായേണ്ട. ആധാർ സംബന്ധിച്ച എല്ലാ വിഷയങ്ങൾക്കുമായി സമഗ്ര ആധാർ കേന്ദ്രം ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും. ജനറൽ ആശുപത്രി ജംഗ്ഷൻ കോൺവെന്റ് റോഡിലെ ദീപ ആർക്കേഡിന്റെ ഒന്നാമത്തെ നിലയിലാണ് കേന്ദ്രം പ്രവർത്തിക്കുക. ഇന്ന് രാവിലെ 11ന് യു.ഐ.ഡി.എ.ഐ അസി. ഡയറക്ടർ ജനറൽ ലക്ഷ്മികാന്ത ദാസാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
ഇത്തരത്തിൽ കേരളത്തിലെ ആദ്യ സെന്ററാണ് വഞ്ചിയൂരിൽ പ്രവർത്തനമാരംഭിക്കുന്നത്. നിലവിൽ ആധാർ കാർഡ് ഉണ്ടെങ്കിലും കാലാകാലങ്ങളിൽ ചെയ്യേണ്ട പുതുക്കലുകൾ ചെയ്യാത്തവരാണ് അധികവും. ചെറിയ കുട്ടികളുടെ ആധാർ അഞ്ച്, പതിനഞ്ച് വയസ് പൂർത്തിയാകുമ്പോൾ പുതുക്കേണ്ടതുണ്ട്. കൂടാതെ വീട് മാറുമ്പോൾ പുതിയ അഡ്രസ് ചേർക്കുക, മൊബൈൽ ഫോൺ നമ്പർ പുതുക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ അറിവില്ലായ്മ കൊണ്ടും ആധാർ സർവീസ് സെന്ററുകൾ ഇല്ലാത്തതുകൊണ്ടും പലരും ചെയ്യാറില്ല. ഇത്തരം കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാൻ പുതിയ സെന്റർ സഹായിക്കും. ഏത് തരത്തിലുള്ള പുതുക്കലാണെങ്കിലും 30 രൂപയിലധികം ഫീസ് ഈ സെന്ററിൽ ഈടാക്കില്ല. കുട്ടികളുടെ കാർഡ് പുതുക്കൽ സൗജന്യവുമാണ്. അഡ്രസിലും മറ്ര് വിവരങ്ങളിലും തെറ്റുകളില്ലാതെ ആധാർ കാർഡ് എടുക്കാനും പുതുക്കാനും ഇനി ബുദ്ധിമുട്ടില്ലെന്ന് സാരം.
ഒരേ സമയം നാല് പേർക്ക് ആധാർ എൻറോൾമെന്റ് നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 20 പേർക്ക് അകത്ത് ഇരിക്കാൻ സാധിക്കും. യു.ഐ.ഡി.എ.ഐയുടെ വെബ്സെെറ്രായ http://ask.uidai.gov.in/#/ ൽ നിന്നും ഓൺലൈനായി അപ്പോയ്മെന്റ് എടുക്കാനുള്ള സൗകര്യവുമുണ്ട്.
ജനങ്ങൾക്ക് ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതിനായി ഈ വർഷം രാജ്യത്തൊട്ടാകെ 700 ജില്ലകളിൽ സെന്ററുകൾ തുടങ്ങാനാണ് യു.ഐ.ഡി.എ.ഐ തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ കേരളത്തിൽ തിരുവനന്തപുരത്തിന് പുറമേ പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ അടുത്ത 45 ദിവസത്തിനകം സമഗ്ര ആധാർ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് സി.എസ്.സിയുടെ സംസ്ഥാന മേധാവി വിനോദ് കുര്യാക്കോസ് പറഞ്ഞു.