തിരുവനന്തപുരം : രാത്രിയും പകലും ഒരുപോലെ സജീവമാകുന്ന കേന്ദ്രങ്ങൾ നഗരത്തിൽ ഒരുങ്ങുന്നു. നഗരസഭയുടെ മേൽ നോട്ടത്തിൽ പത്തു സ്ഥലങ്ങളിലാകും രാത്രിയെ പകലാക്കുന്ന കേന്ദ്രങ്ങൾ സജ്ജമാക്കുന്നത്. സർക്കാർ ആവിഷ്കരിച്ച നൈറ്റ് ലൈഫ് പദ്ധതി പ്രകാരമുള്ള ഉറങ്ങാത്ത ആദ്യ നഗരമാണ് തിരുവനന്തപുരത്ത് ഒരുക്കുന്നത്. ഇതോടെ നഗരത്തിന്റെ മുഖച്ഛായ മാറും.
കഴക്കൂട്ടം, പാളയം, കിഴക്കേകോട്ട, കോവളം, വട്ടിയൂർക്കാവ്, മെഡിക്കൽ കോളേജ്, മ്യൂസിയം, വിമാനത്താവള പരിസരം തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് രാത്രി നഗര കേന്ദ്രങ്ങൾ ഒരുക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് നിയന്ത്രണം മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് നടത്തുന്നത്. ഇന്നലെയും പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് അവലോകനം നടത്തി. കുറഞ്ഞത് പത്തു കേന്ദ്രങ്ങൾ വേണമെന്ന നിർദേശമാണ് നഗരസഭയ്ക്ക് നൽകിയിട്ടുള്ളതെന്നാണ് വിവരം. ടെക്നോപാർക്ക്, മെഡിക്കൽ കോളേജ്, കിഴക്കേകോട്ട, മ്യൂസിയം, കോവളം പ്രദേശങ്ങളിൽ നിലവിൽ രാത്രി സമയങ്ങളിലും ഭക്ഷണശാലകൾ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. വിരലിലെണ്ണാവുന്ന കടകൾ മാത്രമാണ് ഇത്തരത്തിലുള്ളത്. പകൽ സമയത്ത് എങ്ങനെയാണോ അത്തരത്തിൽ രാത്രിയിലും വ്യപാരസ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുകയാണ് ലക്ഷ്യം. ടൂറിസം, പൊലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, തൊഴിൽ വകുപ്പ്, കോർപറേഷൻ എന്നിവയിലെ ഉദ്യോഗസ്ഥരുടെ ഒരു സ്ഥിരം സമിതി സർക്കാർ തലത്തിൽ രൂപീകരിക്കുന്ന സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. ഐ.ടി, ടൂറിസം മേഖലകളെ പദ്ധതി കൂടുതൽ സഹായിക്കുമെന്നാണ് വിവരം.
രാത്രി ഇങ്ങനെ
നേരം പുലരുവോളം വ്യാപാര കേന്ദ്രങ്ങളും വിനോദ കേന്ദ്രങ്ങളും തുറന്നിരിക്കും. തട്ടുകടകൾ, വലിയ ഹോട്ടലുകൾ, മാളുകൾ സിനിമ തിയേറ്റർ, പബ്ബ്, ബാർ, നിശാക്ലബ്, സൽക്കാരങ്ങൾ തുടങ്ങിയവയെല്ലാം സജീവമായിരിക്കും.
നൈറ്റ് ലൈഫ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത് തലസ്ഥാനത്താണ്. മറ്റു നഗരങ്ങൾക്ക് മാതൃകയായകും വിധം പത്തോളം കേന്ദ്രങ്ങൾ പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. കൗൺസിൽ യോഗം ചേർന്ന് ഇക്കാര്യം തീരുമാനിക്കും.
- കെ.ശ്രീകുമാർ, മേയർ
പ്രധാന ലക്ഷ്യം ടെക്കികൾ
അറുപതിനായിരത്തിലേറെ ടെക്കികളാണ് തിരുവനന്തപുരം നഗരത്തിൽ ജോലിചെയ്യുന്നത്. പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നതും ഇവരെയാണ്. ടെക്കികളുടെ ദൈനംദിന ജീവിതത്തെയും 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യാപാര കേന്ദ്രങ്ങൾ ഏറെ സഹായിക്കും. മിക്കപ്പോഴും ജോലി കഴിഞ്ഞ് വൈകിയാണ് പലരും പുറത്തിറങ്ങുന്നത്. ഭക്ഷണം കഴിക്കാനോ അത്യാവശ്യ സാധനങ്ങൾ വാങ്ങാനോ കഴിയാത്ത സ്ഥിതിയാണ്. ഭാര്യാഭർത്താക്കൻമാർ ടെക്നോപാർക്കിലെ ജീവനക്കാരാണെങ്കിൽ അവർക്ക് പദ്ധതി കൂടുതൽ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
ജോലികഴിഞ്ഞ് രാത്രി ഇറങ്ങിയാൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനും ഇത് ഉപയോഗപ്പെടുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. സ്ഥിരമായി രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർക്കും നൈറ്റ് ലൈഫ് സഹായകരമാണ്. രാത്രി ജോലി കഴിഞ്ഞ് കുറച്ച് സമയം വിനോദത്തിനായും ഷോപ്പിംഗിന് ഇറങ്ങാൻ സാധിക്കും.