തിരുവനന്തപുരം: വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിനിടെ നഗരത്തിൽ പലയിടത്തും വെള്ളം കിട്ടാത്ത അവസ്ഥ. പേരൂർക്കട ഇന്ദിരാനഗർ, വെള്ളയമ്പലം കനകനഗർ, വി.ജെ ലെയിൻ, വഴുതക്കാട് എന്നിവിടങ്ങളിലാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നത്. വെള്ളയമ്പലം ഭാഗത്ത് എട്ട് ദിവസത്തിനു ശേഷം ശനിയാഴ്ച മാത്രമാണ് വെള്ളം ലഭിച്ചത്.
കുടിവെള്ള ക്ഷാമത്തെ തുടർന്ന് ഇവിടത്തെ കടകൾ പലതും തുറക്കാനാകാത്ത സ്ഥിതിയായിരുന്നു. വെള്ളയമ്പലത്തെ ടാങ്കിൽ നിന്നുള്ള പമ്പിംഗ് വാട്ടർ അതോറിട്ടി നിറുത്തിവച്ചതാണ് ജലക്ഷാമം രൂക്ഷമാക്കിയതെന്നാണ് റസിഡന്റ്സ് അസോസിയേഷനുകൾ പറയുന്നത്. ഇപ്പോൾ പി.ടി.പി നഗറിലെ ടാങ്കറിൽ നിന്നാണ് ഇവർക്ക് വെള്ളം നൽകുന്നത്. ബട്ടർഫ്ളൈ വാൽവിലും സ്ളൂയിസ് വാൽവിലുമുണ്ടായ തകരാറുകളാണ് ജലവിതരണത്തിൽ കുറവുണ്ടാകാനിടയായത് എന്നാണ് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ പറയുന്നത്. നഗരത്തിലെ ജലക്ഷാമം കണക്കിലെടുത്ത് നവീകരണം കഴിഞ്ഞ 86 എം.എൽ.ഡി പ്ളാന്റിലെ ഒരു പമ്പ് 74 എം.എൽ.ഡി പ്ളാന്റിലേക്ക് മാറ്റി സ്ഥാപിച്ച് പമ്പിംഗ് ശക്തമാക്കിയിട്ടുണ്ട്. ഇതോടെ നഗരത്തിൽ 4 മുതൽ അഞ്ച് ദശലക്ഷം ലിറ്റർ ജലം അധികമായി ലഭിക്കുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.
ഇന്ദിരാനഗറിൽ പൈപ്പ് പൊട്ടി
പേരൂർക്കട ഇന്ദിരാനഗറിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഇവിടത്തെ ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കാതായിട്ട് മൂന്ന് ദിവസമായി. ഇന്ദിരാനഗർ ബസ് സ്റ്റോപ്പിന് സമീപത്തുള്ള പൈപ്പിലുണ്ടായ ലീക്ക് പിന്നീട് വലിയ പൊട്ടലായി മാറുകയായിരുന്നു. 180 എ.സി പൈപ്പാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് 30 വർഷത്തെ പഴക്കമുണ്ട്. കാലപ്പഴക്കമാണ് പൈപ്പ് പൊട്ടാൻ കാരണമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു. ഇന്ന് രാവിലെയോടെ ഇവിടങ്ങളിൽ ജലവിതരണം സാധാരണ നിലയിലാകുമെന്ന് അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു.