
പൊട്ടിച്ചിരിയുടെ വെടിക്കെട്ടുമായി അളിന്മാരെത്തി. കൗമുദി ടിവിയിൽ ഇന്നലെ സംപ്രേഷണമാരംഭിച്ച അളിയൻസ് എന്ന ഹാസ്യപരമ്പര തിങ്കൾ മുതൽ വ്യാഴം വരെ വൈകിട്ട് 7 മണിക്ക് കാണാം. രാജേഷ് തലച്ചിറയാണ് അളിയൻസിന്റെ സംവിധായകൻ.
ആത്മാർത്ഥ സുഹൃത്തുക്കളായിരുന്ന മുത്തുരാമൻ, കറിയാച്ചൻ എന്നിവരുടെ മക്കളാണ് കനകനും ക്ളീറ്റോയും. അച്ഛന്മാരെപ്പോലെ ഉറ്റ ചങ്ങാതികളായിരുന്നു മക്കളും. ഒരേ വീടിന്റെ രണ്ട് ഭാഗങ്ങളിലായിട്ടായിരുന്നു ഇവരുടെ താമസം. കനകന്റെ സഹോദരി തങ്കത്തിന്റെ വിവാഹം തീരുമാനിച്ച ദിവസം ക്ളീറ്റോയുമായി തങ്കം ഒളിച്ചോടി. ഉറ്റ ചങ്ങാതിമാർ അതോടെ ബദ്ധശത്രുക്കളായി.
അളിയന്മാർ തമ്മിലുള്ള ആ ശത്രുതയുടെ കഥയാണ് നർമ്മത്തിൽ ചാലിച്ച് അളിയൻസ് പറയുന്നത്. അനീഷ് രവി, റിയാസ് നർമ്മകല, മഞ്ജു പത്രോസ്, സൗമ്യ, സേതുലക്ഷ്മി, മണി ഷൊർണ്ണൂർ, അക്ഷയ തുടങ്ങിയവരാണ് അളിയൻസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജീവ് കരിമാടിയും ശ്രീകുമാർ ഞാറക്കയും ചേർന്നാണ് അളിയൻസിന്റെ രചന നിർവഹിക്കുന്നത്. ചുങ്കത്ത് അവതരിപ്പിക്കുന്ന അളിയൻസിന്റെ മറ്റ് പ്രായോജകർ ശ്രീഗോകുലം ചിറ്റ് ആൻഡ് ഫിനാൻസും മൊബൈൽ പോയിന്റുമാണ്.