trump

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിൽ അദ്ദേഹത്തിന് ഔദ്യോഗിക വരവേൽപ് നൽകും. ഇതിന് ശേഷം 10.30ഓടെ ട്രംപും ഭാര്യ മെലാനിയയും രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തും.

ശേഷം 11.30ന് ഹൈദരാബാദ് ഹൗസിൽ മോദി - ട്രംപ് കൂടിക്കാഴ്ച നടക്കും. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ചർച്ചകളിൽ പങ്കെടുക്കും. 22,​000കോടി രൂപയുടെ അതായത് 300കോടി ഡോളറിന്റെ കരാറിൽ ഇരു രാജ്യങ്ങളും ഇന്ന് ഒപ്പുവെയ്ക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 24 സീ ഹോക്ക് ഹെലികോപ്റ്ററുകളും ആധുനിക പ്രതിരോധ സാമഗ്രികളും യു.എസ്. കമ്പനികളില്‍നിന്ന് വാങ്ങാനുള്ള കരാറാണിത്. അഞ്ച് കരാറിലാണ് ഇന്ന് ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കുക. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒരുപോലെ നേട്ടമുണ്ടാകുന്ന വ്യാപാര ഇടപാടിൽ ഭാവിയിൽ ധാരണയുണ്ടാകുമെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മോദി-ട്രംപ് കൂടിക്കാഴ്ച നടക്കുന്ന വേളയിൽ ഡൽഹി സ്കൂളിലെ 'ഹാപ്പിനെസ് ക്ലാസുകളെ' കുറിച്ച് പഠിക്കാനും കുട്ടികളുമായി സംവദിക്കാനും മെലാനിയ സ്‌കൂൾ സന്ദർശിക്കും. രാത്രി രാഷ്ട്രപതി ഭവനിൽ അത്താഴവിരുന്നിൽ പങ്കെടുത്തശേഷം 10 മണിയോടെ ട്രംപും സംഘവും മടങ്ങും.