trump-tajmaha

ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും ഇന്നലെ ഉച്ചതിരിഞ്ഞ് പ്രണയ സ്മാരകമായ താജ്മഹൽ കാണാൻ എത്തിയിരുന്നു. മറ്റാരുടെയും അകമ്പടിയില്ലാതെ ട്രംപും മെലാനിയയും യമുനാനദിക്കരയിലെ നിത്യപ്രണയ സ്മാരകത്തിൽ കാഴ്ചകൾ കണ്ടു നടന്നു.

ഷാജഹാൻ തന്റെ പ്രിയപ്പെട്ടവൾക്ക് വേണ്ടി പണികഴിപ്പിച്ച ആ സ്മാരകത്തിന്റെ മുന്നിലൂടെ നടക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ് അറിയാതെയെങ്കിലും ഒന്ന് നെടുവീർപ്പിട്ടുകാണും. ലോകത്തിലെ എട്ടാമത്തെ അദ്ഭുതമെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്ന തന്റെ കാസിനോ ആയിരുന്ന താജ്മഹലിനെ ഓർത്തായിരിക്കും ആ നെടുവീർപ്പ്.

ന്യൂജഴ്സിയിലെ അറ്റ്‌ലാന്റിക് സിറ്റിയിൽ 1990ലാണ് ട്രംപിന്റെ താജ്മഹലിന്റെ ഉദ്ഘാടനം നടന്നത്. 120 കോടി ഡോളർ ചിലവഴിച്ചാണ് ഇത് നിർമിച്ചത്. ഷാജഹാന്റെ താജ്മഹലിനോട് സാമ്യമുള്ള മകുടങ്ങളൊക്കെ അവിടെയും ഉണ്ടായിരുന്നു. എന്നാൽ ഏറെ സ്വപ്നങ്ങളുമായി പണിതുയർത്തിയ ആ കാസിനോ അധികകാലം നടത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. സാമ്പത്തിക പ്രശ്നങ്ങൾ മൂലം മാസങ്ങൾ കൊണ്ട് അത് അടച്ചുപൂട്ടേണ്ടി വന്നു. 2017ൽ വളരെ തുച്ഛമായ വിലയ്ക്ക് അത് വിറ്റു.