ചണ്ഡീഗഢ്: പാട്യാല ഏവിയേഷൻ ക്ളബിൽ നിന്ന് തിങ്കളാഴ്ച എൻ.സി.സി കേഡറ്റുകളുടെ പരിശീലനത്തിനായി പറന്നുയർന്ന വിമാനം കരസേന കന്റോൺമെന്റിന് സമീപം തകർന്ന് എയർഫോഴ്സ് പൈലറ്റ് മരിക്കുകയും ഒരു കേഡറ്റിന് പരിക്കേൽക്കുയും ചെയ്തു. ഗ്രൂപ്പ് ക്യാപ്ടനായ ജി.എസ് ചീമയാണ് മരിച്ചത്
അതിവേഗ വിമാനഗണത്തിൽപ്പെട്ട 'പിപിസ്ട്രെൽ വൈറസ് എസ്.ഡബ്ള്യു 80 ' എന്ന പോർവിമാനമാണ് തകർന്നത്. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് അപകടം നടന്നതെന്ന് പാട്യാല എസ്.എസ്.പി മന്ദീപ് സിംഗ് സിദ്ദു പറഞ്ഞു. രണ്ടുപേർക്കാണ് വിമാനത്തിന്റെ കോക്ക്പിറ്റിൽ ഇരിക്കാനാവുക. പാട്യാലയിലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം ഉച്ചയ്ക്ക് 12.50 ന് കരസേനയുടെ മേൽനോട്ടത്തിലുള്ള മേഖലയിലാണ് തകർന്നത്.
എൻ.സി.സി യൂണിറ്റിന്റെ ചുമതലയുണ്ടായിരുന്ന ചീമയും എൻ.സി.സി എയർഫോഴ്സ് മൂന്നാം എയർ സ്ക്വാഡ്രോണിലെ മൊഹീന്ദ്ര കൊളേജ് വിദ്യാർത്ഥിയുമായ വിപിൻ കുമാർ യാദവാണ് തകർന്ന വിമാനത്തിലുണ്ടായിരുന്നത്. അപകടത്തെതുടർന്നുണ്ടായ ഗുരുതരപരിക്കുകാരണം ചീമ മരിക്കുകയും വിപിൻ കുമാർ യാദവിന് നട്ടെല്ലിന് സാരമായ പരിക്കേൽക്കുകയും ചെയ്തു. ഇദ്ദേഹത്തെ ചഢീമന്ദിറിലുള്ള കമാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണപ്പെട്ട ചീമ മിഗ് 21 വിമാനവും എ.എൻ 32 ചരക്ക് വിമാനങ്ങളും എയർഫോഴ്സിനായി ദീർഘകാലം പറത്തിയിട്ടുണ്ട്.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. ചീമയുടെ വിയോഗമുണ്ടാക്കുന്ന നഷ്ടം അദ്ദേഹത്തിന്റെ കുടുംബത്തിന് തരണം ചെയ്യാൻ കഴിയട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നതായും പരിക്കേറ്റ വിദ്യാർത്ഥി വേഗം സുഖം പ്രാപിക്കട്ടെയെന്നും അമരീന്ദർ സിംഗ് പറഞ്ഞു.