ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരില്‍ വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന സംഘര്‍ഷങ്ങളില്‍ മരണം ഏഴായി. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഡൽഹി പൊലീസ് സേനയിലെ കോണ്‍സ്റ്റബിള്‍ ആണ്. അക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ ഡൽഹിയിൽ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. പത്തിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിച്ചവർക്കെതിരെ ഡൽഹിയിൽ ഇന്നും കല്ലേറുണ്ടായി. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ മൗജ്പൂർ, ബ്രാഹ്മപുരി ഏരിയയിലാണ് അക്രമികൾ പ്രതിഷേധക്കാർക്ക് നേരെ കല്ലെറിഞ്ഞത്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് മേഖലയിൽ കൂടുതൽ പൊലീസ് -അർദ്ധ സൈനിക സേനവിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്ത തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനാണ് യോഗം ചേരുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും അടിയന്തര യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഡൽഹി പരിസ്ഥിതി മന്ത്രി ദോപാൽ റായി അർദ്ധരാത്രിയോടെ ലഫ്നൻ്റ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ കഴിഞ്ഞദിവസം പൗരത്വ നിയമ അനുകൂലികള്‍ അക്രമിക്കുകയായിരുന്നു. അനുകൂലികള്‍ പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഒമ്പത് വയസുള്ള കുട്ടിക്കും ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.