അബുദാബി : പതിനായിരങ്ങൾക്ക് വർഷങ്ങളായി വച്ചുവിളമ്പിയ തൊഴിലാളികൾ കണ്ണീരോടെയാണ് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. മാസങ്ങളായി ജോലി ചെയ്തിട്ടും ശമ്പളം കിട്ടാതെ കഷ്ടപ്പെട്ട തൊഴിലാളികൾ ഒടുവിൽ നിരാശരായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ നാട്ടിലെത്തിയവർക്ക് അപ്രതീക്ഷിതമായി കിട്ടിയ അറിയിപ്പ് പുത്തൻപ്രതീക്ഷയായിരിക്കുകയാണ്. മുസഫയിലെ അൽവസീത കാറ്ററിംഗ് കമ്പനി ക്യാംപിൽ യാതന അനുഭവിച്ച തൊഴിലാളികൾക്ക് കോടതി ഇടപെടലീലൂടെ ആനുകൂല്യം പൂർണമായി ലഭിച്ചിരിക്കുകയാണ്. തൊഴിലാളികൾ ഒരു നേരത്തെ ആഹാരം പോലും ലഭിക്കാതെ വേതനമില്ലാതെ കഷ്ടപ്പെടുന്ന ദുരിത ജീവിതത്തെക്കുറിച്ച് കഴിഞ്ഞ വർഷം മാദ്ധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. തൊഴിലാളികളുടെ അവസ്ഥ ദുരിതമായതോടെ കുടിശിക തുകയുടെ പകുതി നൽകാൻ കരാർ കമ്പനി തയ്യാറായി. എന്നാൽ ബാക്കി തുക ഇനി ലഭിക്കില്ലെന്ന് മനസിലാക്കിയ ജീവനക്കാർ സങ്കടത്തോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
മലയാളികളുൾപ്പടെ മുന്നോറോളം തൊഴിലാളികളാണ് അദ്ധ്വാനിച്ച പണം കിട്ടില്ലെന്ന് കരുതി സ്വന്തം ദേശത്തേക്ക് മടങ്ങിയത് . എന്നാൽ തൊഴിലാളികളിൽ കുറച്ചു പേർ കോടതിയെ സമീപിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ മുഴുവൻ തൊഴിലാളികൾക്കും ആശ്വാസമായി മാറിയത്. നിയമ നടപടി തുടർന്നതോടെ മുഴുവൻ തുകയും നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു. എഴുന്നൂറോളം തൊഴിലാളികൾക്കായി 2.6 കോടി ദിർഹമാണ് മൊബൈൽ കോടതി ഇടപെട്ട് നൽകിയത്. ഇതറിഞ്ഞ് ഒരിക്കൽ കണ്ണീരോടെ നാട്ടിലെത്തിയവർ ഇപ്പോൾ വിസിറ്റ് വീസയും ടിക്കറ്റും തരപ്പെടുത്തി കോടതിയിലെത്തി ചെക്ക് ഏറ്റുവാങ്ങുകയാണ്. എന്നാൽ കമ്പനിയുമായി നേരിട്ട് ഒത്തുതീർപ്പുണ്ടാക്കി കുറച്ചു തുക വാങ്ങി മടങ്ങിയവർക്ക് കുടിശിക ലഭിക്കില്ല. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനാണ് പരിഗണന നൽകിയതെന്ന് ലേബർ കോർട്ട് മേധാവി പ്രതികരിച്ചു.