ബഹ്റിൻ : രാജ്യത്ത് ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചതോടെ കടുത്ത നടപടികളിലേക്ക് കടന്ന് ബഹ്റിൻ. ഇതിന്റെ ആദ്യപടിയായി അടുത്ത നാൽപ്പത്തിയെട്ട് മണിക്കൂർ നേരെ ദുബായിലേക്കും ഷാർജയിലേക്കുമുള്ള വിമാന സർവീസുകൾ നിർത്തലാക്കി. ബഹറിൻ സിവിൽ ഏവിയേഷനാണ് ഇതു സംബന്ധിച്ച അടിയന്തര നിർദ്ദേശം നൽകിയിരിക്കുന്നത്. ദിവസം പതിനഞ്ചോളം വിമാനങ്ങളാണ് ബഹ്റിനും ദുബായിക്കും ഇടയിൽ സർവീസ് നടത്തുന്നത്.
കൊറോണ വൈറസിന്റെ വ്യാപനം രാജ്യത്ത് തടയുക എന്ന ഉദ്ദേശത്തോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും സാധ്യതയുണ്ട്. ഇറാനിൽ നിന്നും ബഹ്റിനിൽ എത്തിയ പൗരനാണ് കൊറോണ ബാധ കണ്ടെത്തിയത്. ഇയാളെ ആശുപത്രിയിൽ പ്രത്യേകം നിരീക്ഷിക്കുകയാണ്. കൊറോണ ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വിമാനത്താവളത്തിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടു. കൊറോണ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രികരെ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ചൈനയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് പടരുന്ന കൂടുതൽ കേസുകൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യുകയുണ്ടായി. ബഹ്റിന് പുറമേ ഒമാൻ, കുവൈറ്റ്, ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ 61 പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.