ന്യൂഡൽഹി: ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര വരക്കാനും, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യ നിര്‍മിതിക്ക് വേണ്ടി സ്വീകരിച്ച നാല് തെറ്റായ നയങ്ങള്‍ വിവരിക്കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള പരീക്ഷ ചോദ്യപേപ്പർ വിവാദത്തിൽ. മണിപ്പൂരിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്ലസ് ടു പരീക്ഷയിലായിരുന്നു ഈ ചോദ്യങ്ങള്‍. അതേസമയം, ഈ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ സംസ്ഥാനത്തെ ബി.ജെ.പിക്ക് യാതൊരു പങ്കുമില്ലെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.
നാല് മാര്‍ക്ക് വീതമാണ് ഈ ചോദ്യങ്ങൾക്ക്. സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. തുടർന്ന് കോണ്‍ഗ്രസ് നേതാവ് കെ.എച്ച് ജോയ്കിഷാന്‍ രംഗത്തെത്തിയിരുന്നു. ഈ ചോദ്യപേപ്പര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രത്യേക രാഷ്ട്രീയ മനോഭാവം ഉണ്ടാക്കിയെടുക്കാന്‍ വേണ്ടിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു. എന്നാൽ, ചോദ്യം തിരഞ്ഞെടുക്കുന്നതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും ഇതുമായി ബന്ധപ്പെട്ട അതോറിറ്റിയാണ് ചോദ്യ പേപ്പര്‍ തയ്യാറാക്കിയതെന്ന് ബി.ജെ.പി വക്താവ് പറഞ്ഞു.
‘പാര്‍ട്ടി സിസ്റ്റം ഓഫ് ഇന്ത്യ’ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി പരീക്ഷ കണ്‍ട്രോളറാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്ന് ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ കൗണ്‍സിലര്‍ എല്‍ മഹേന്ദ്ര സിംഗ് വ്യക്തമാക്കി. മുമ്പും ഇതുപോലെ സംഭവങ്ങളുണ്ടായതായും ആ ചോദ്യപേപ്പറിൽ സി.പി.ഐയുടെ ലോഗോയും, ഐക്യരാഷ്ട്രസഭയുടെ ലോഗോ വരയ്ക്കാൻ ആവശ്യപ്പെട്ടതായും ഒരാൾ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.