air-india

മുംബയ്: വ്യോമയാന രംഗത്ത് ഇന്ത്യയുടെ മുഖമായ എയർ ഇന്ത്യയെ സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും രംഗത്ത്. ഓഹരി വാങ്ങാനുള്ള താത്പര്യപത്രം (എക്‌സ്‌പ്രഷൻ ഒഫ് ഇന്ററസ്‌റ്ര്) അടുത്തമാസം കമ്പനി സമർപ്പിച്ചേക്കും. താത്പര്യപത്ര സമർപ്പണത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയായാലേ, ഓഹരി ഏറ്റെടുക്കുന്നത് സംബന്ധിച്ച അന്തിമതീരുമാനം അദാനി ഗ്രൂപ്പ് സ്വീകരിക്കൂ.

താത്പര്യ പത്രത്തിൽ ഏറ്റവും മികച്ച ഓഫർ സമർപ്പിക്കുന്നവർക്ക് മാത്രമാണ്, എയർ ഇന്ത്യയുടെ സമ്പൂർണ കണക്കുൾപ്പെടുന്ന ഡേറ്റ ലഭിക്കൂ എന്നതാണ് ഇതിനു കാരണം. അദാനിക്ക് പുറമേ ടാറ്രാ ഗ്രൂപ്പ്, ഹിന്ദുജ ഗ്രൂപ്പ്, ഇന്ത്യയിലെ ഏറ്റവും വലിയ വ്യോമയാന കമ്പനിയായ ഇൻഡിഗോ, ന്യൂയോർക്ക് ആസ്ഥാനമായുള്ള ഇന്ററപ്‌സ് എന്നിവയും താത്പര്യപത്രം സമർ‌പ്പിക്കുന്നുണ്ട്.

തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങളുടെ നിയന്ത്രണാവകാശം അദാനി ഗ്രൂപ്പ് അടുത്തിടെ നേടിയിരുന്നു. ഇതിൽ, ലക്‌നൗ അഹമ്മദാബാദ്, മംഗളൂരു വിമാനത്താവളങ്ങളുടെ നിയന്ത്രണം കമ്പനിക്ക് ലഭിച്ചു. തിരുവനന്തപുരം, അഹമ്മദാബാദ്, ഗുവഹാത്തി എന്നിവയുടെ നിയന്ത്രണം അദാനിക്ക് നൽകാനുള്ള കേന്ദ്രസർക്കാരിന്റെ അന്തിമതീരുമാനം വൈകുകയാണ്.

സ്വന്തമായി വിമാനക്കമ്പനിയുള്ള ഒരു സ്ഥാപനം, മേൽപ്പറഞ്ഞ ആറു വിമാനത്താവളങ്ങളുടെയും 27 ശതമാനത്തിനുമേൽ നിയന്ത്രണാവകാശം നേടരുതെന്ന് ചട്ടമുണ്ട്. ഈ ചട്ടം, എയർ ഇന്ത്യയ്ക്കായുള്ള അദാനിയുടെ താത്പര്യപത്രം അസാധുവാക്കാൻ ഇടയാക്കിയേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത്, നിയമയുദ്ധത്തിലേക്ക് നീളാനുള്ള സാദ്ധ്യതയുമുണ്ട്.

എയർ ഇന്ത്യയെ വാങ്ങിയാൽ

എന്താണ് നേട്ടം?

 150 എയർ ക്രാഫ്‌റ്റുകൾ

 പ്രമുഖ രാജ്യാന്തര വിമാനത്താവളങ്ങളിലെ സുപ്രധാന സ്ളോട്ടുകൾ

 കടബാദ്ധ്യതയിൽ ₹30,000 കോടി കുറയ്ക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്

 100% ഓഹരികളും സ്വന്തം. ഇതിൽ, 49% വിദേശ നിക്ഷേപത്തിന് അനുമതിയും

 ഉപസ്ഥാപനമായ എയർ ഇന്ത്യ എക്‌സ്‌പ്രസും സ്വന്തമാകും

 ഉപസ്ഥാപനമായ എയർഇന്ത്യ സാറ്ര്‌സിന്റെ 50% ഓഹരികൾ നേടാം.

₹8,400cr

എയർ ഇന്ത്യ 2018-19 സാമ്പത്തിക വർഷം കുറിച്ച നഷ്‌ടം.

വ്യോമയാന വിഹിതം

ഇൻഡിഗോ : 48%

സ്‌പൈസ് ജെറ്ര് : 15%

എയർ ഇന്ത്യ : 13%

ഗോ എയർ : 11%

എയർ ഏഷ്യ : 7%

വിസ്‌താര : 6%

₹30,000cr

യു.പി.എ സർക്കാർ 2012ൽ പ്രഖ്യാപിച്ച 30,000 കോടി രൂപയുടെ രക്ഷാപാക്കേജിന്റെ ബലത്തിലാണ് എയർ ഇന്ത്യയുടെ നിലനിൽപ്പ്.

₹57,487cr

എയർ ഇന്ത്യയുടെ മൊത്തം കടബാദ്ധ്യത 2017-18 പ്രകാരം.

എന്തുകൊണ്ട്

വില്പന?

എയർ ഇന്ത്യയുടെ 100% ഓഹരികളും വിറ്റൊഴിയാനാണ് കേന്ദ്രനീക്കം. എയർ ഇന്ത്യ കൂടുതൽ ബാദ്ധ്യതയാകുന്നത് ഒഴിവാക്കാനാണിത്.