kaumudy-news-headlines

1. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷം കനക്കവെ സമാധാനത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മരിച്ചവര്‍ ആരായാലും സഹോദരങ്ങളാണ്. വിഷയം ഒരുമിച്ച് ചര്‍ച്ച ചെയ്ത് പരിഹരിക്കും. ഡല്‍ഹിക്ക് പുറത്തു നിന്ന് അക്രമികള്‍ എത്തുക ആണ്. അതിര്‍ത്തികള്‍ അടയ്ക്കാന്‍ ആവശ്യപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും എന്നും കെജ്രിവാള്‍. ഡല്‍ഹിയിലെ പുതിയ സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തും


2. വിഷയം സുപ്രീംകോടതി നാളെ പരിഗണിക്കും. അഭിഭാഷകനായ മെഹമൂദ് പ്രച ആണ് വിഷയം ശ്രദ്ധയില്‍പെടുത്തിയത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിക്കണം എന്നാണ് ആവശ്യം. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലാണ് സംഘര്‍ഷം. അതിരുവിട്ട സംഘര്‍ഷത്തില്‍ മരണം ഏഴായി. 100-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. മേഖലയിലെ സ്‌കൂളുകള്‍ അടച്ചു പരീക്ഷകളും മാറ്റിവച്ചു. പൊലീസിന് നേരെ കഴിഞ്ഞ ദിവസം വെടിയുതിര്‍ത്ത ജാഫ്രാബാദ് സ്വദേശി ഷാരൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ വെടി ഉതിര്‍ക്കുന്ന ദൃശ്യം സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
3. അക്രമം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. 35 കമ്പനി കേന്ദ്രസേന എത്തും. എട്ട് സി.ആര്‍.പി.എഫ് കമ്പനി സേനയും റാപിഡ് ആക്ഷന്‍ ഫോഴ്സും, വനിതാ സുരക്ഷാ സേനയും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പൗരത്വ നിയമത്തിന് എതിരെ ജാഫ്രാബാദില്‍ റോഡ് ഉപരോധിച്ചുള്ള സമരം തുടരുകയാണ്. സാമുദായിക ഐക്യം നിലനിര്‍ത്തണം എന്ന് ഡല്‍ഹിയിലെ ജനങ്ങളോട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആഹ്വാനം ചെയ്തു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരുടെ ഇടയിലേക്ക് നിയമത്തെ അനുകൂലിക്കുന്നവര്‍ ഇരച്ചു കയറിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും സംഘവും എത്തുന്നതിന് തൊട്ടു മുന്‍പ് ആണ് ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്
4. ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും രാഷ്ട്രപതി ഭവനില്‍ എത്തി. അശ്വാരൂഢ സേനയുടെ അകമ്പടിയോടെ ആണ് രാഷ്ട്രപതി ഭവനില്‍ ഇരുവരും എത്തിയത്. ആചാരപരമായ വരവേല്‍പ്പാണ് ട്രംപിന് നല്‍കിയത്. രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്നാണ് അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിച്ചത്. രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം ഇരുവരും രാജ്ഘട്ടില്‍ എത്തി. ഗാന്ധിസ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ട്രംപ്, മോദിയുമായുള്ള ചര്‍ച്ചക്കായി എത്തും. 12.40ന് ഇരുരാജ്യങ്ങളും മൂന്ന് ബില്ല്യണ്‍ ഡോളറിന്റെ പ്രതിരോധ ഇടപാട് ഉള്‍പ്പടെ അഞ്ച് കരാറുകളില്‍ ഒപ്പു വയ്ക്കും. ഉച്ചക്ക് ശേഷം രണ്ടു മണിക്ക് മോദി- ട്രംപ് സംയുക്ത വാര്‍ത്ത സമ്മേളനം നടക്കും.
5. വൈകീട്ട് ഏഴ് മണിക്ക് ട്രംപിന് രാഷ്ട്രപതി ഭവനില്‍ അത്താഴ വിരുന്ന് നല്‍കും. ഈ പരിപാടിയില്‍ നിന്ന് സോണിയാ ഗാന്ധിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് വിരുന്ന് കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും. അധിര്‍ രഞ്ജന്‍ ചൗധരിക്കും ഗുലാംനബി ആസാദിനും പിന്നാലെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും വിരുന്നില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. അത്താഴ വിരുന്നിന് ശേഷം രാത്രി 10 മണിക്ക് ട്രംപും സംഘവും മടങ്ങും. സമാനതകള്‍ ഇല്ലാത്ത ഒരുക്കങ്ങളും സുരക്ഷയും തന്നെയാണ് ഡല്‍ഹിയില്‍. രാഷ്ട്രപതി ഭവനും പരിസരങ്ങളും പൂക്കള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പു വരുത്താന്‍ ദേശീയ സുരക്ഷാ ഗാര്‍ഡുകളും വിവിധ സൈന്യ വിഭാഗങ്ങളും ഉണ്ട്. അമേരിക്കന്‍ സീക്രട് ഏജന്റുമാരും ഡല്‍ഹിയിലുണ്ട്. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ന്യൂ ഡല്‍ഹി മേഖലയിലെ മെട്രോ സ്റ്റേഷനുകള്‍ അടച്ചിരിക്കുകയാണ്.
6. സംസ്ഥാന സര്‍ക്കാരിന്റെ കരട് മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. കഴിഞ്ഞ മദ്യനയത്തെക്കാള്‍ കാതലായ മാറ്റങ്ങള്‍ ഇല്ലാതെയാണ് കരട് മദ്യ നയത്തിന് അംഗീകാരം ആയത്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ മദ്യനയം നിലവില്‍ വരും. ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണം എന്ന ശുപാര്‍ശകള്‍ പലതലങ്ങളില്‍ നിന്ന് സര്‍ക്കാരിന് മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ ഡ്രൈഡേ ഒഴിവാക്കേണ്ട എന്ന നിലപാടാണ് കരട് മദ്യനയത്തില്‍ ഉള്ളത്. പബ്ബുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോവുകയാണ്. പുതുതായി ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടത് ഇല്ലെന്നും തീരുമാനിച്ചതായി സൂചനയുണ്ട്.
7. തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ വിവാദ തീരുമാനം വേണ്ടെന്ന സി.പി.എം സെക്രട്ടേറിയേറ്റ് നിലപാടിന്റെ അടിസ്ഥാനത്തില്‍ ആണ് പബ്ബും ബ്രൂവറികളും തത്കാലം വേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. പുതിയ മദ്യനയത്തിന്റെ കരട് ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും. ബാറുകളുടെ ലൈന്‍സ് ഫീസ് കൂട്ടാനും ഡിസ്റ്റലറികളില്‍ നിന്ന് ടൈഅപ്പ് ഫീസ് ഈടാക്കാനും പുതിയ മദ്യനയം വ്യവസ്ഥ ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ കള്ളു ഷാപ്പുകളുടെ ലേലം പുനരാരംഭിക്കാനും ടോഡി ബോര്‍ഡ് നിലവില്‍ വരുന്നത് വരെ ഷാപ്പ് ലേലം തുടരാനുമുള്ള തീരുമാനം പുതിയ മദ്യനയത്തിലുണ്ട്. ബാര്‍ ലൈന്‍സുള്ള ക്ലബുകളുടെ വാര്‍ഷിക ലൈന്‍സ് ഫീ എടുത്ത് കളയാനും പുതിയ മദ്യനയത്തില്‍ വ്യവസ്ഥയുണ്ട്.
8. മുന്‍ ന്യായാധിപന്‍ ജമാഅത്തെ ഇസ് ലാമിയുടെ നാവായി മാറുക ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി ജസ്റ്റിസ് കെമാല്‍പാഷ. പൗരത്വ ഭേദഗതി നിയമത്തെ മുഖ്യമന്ത്രി അനുകൂലിക്കുന്നത് ആയി സംശയിക്കുന്നു എന്ന് കെമാല്‍പാഷ പറഞ്ഞു. എതിര്‍ക്കുന്നവര്‍ക്ക് ഒപ്പമെന്ന് വരുത്തി തീര്‍ക്കുകയും പിന്നില്‍ നിന്ന് അനുകൂലിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് ചിലപ്പോള്‍ നരേന്ദ്ര മോദിയെയും ഭരണ കൂടത്തെയും ഭയം കാണും. തനിക്ക് അത്തരം ഭയമില്ല. വാളയാര്‍, മാവോയിസ്റ്റ് കൊലപാതകം, യു.എ.പി.എ കേസ് എന്നീ വിഷയങ്ങളില്‍ നിലപാട് സ്വീകരിച്ചതിന്റെ പേരിലാകും പിണറായിയുടെ വിമര്‍ശനമെന്നും കെമാല്‍പാഷ പറഞ്ഞു. തന്നെ ഭീകര സ്വഭാവമുള്ള മനുഷ്യനായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നു. അത് അനവസരത്തില്‍ ഉള്ളതും അനുചിതവും ആണ്. നിലവിലെ സമരത്തെ തളര്‍ത്തുന്ന പ്രസ്താവന ആണിതെന്നും കെമാല്‍പാഷ പറഞ്ഞു