മന്ത്രിമാരുടെ കത്തുമായി വന്നിട്ടല്ല കലാകാരൻമാർക്ക് അവാർഡ് കൊടുക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. സിനിമയിലും സാഹിത്യത്തിലും കലയിലുമൊക്കെ വലിയൊരു വിഭാഗം ആളുകൾ ബി.ജെ.പിക്ക് അനുകൂലമായി ചിന്തിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. കൗമുദി ടി.വി സ്ട്രെയിറ്റ് ലെെൻ അഭിമുഖ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
"കലാസാഹിത്യ രംഗത്തെ ചില ആളുകളുടെ ശബ്ദം മാത്രമാണ് പുറത്തുവരുന്നത്. അങ്ങനെയല്ല സത്യത്തിൽ. സിനിമയിലും സാഹിത്യത്തിലും കലയിലുമൊക്കെ വലിയൊരു വിഭാഗം ആളുകൾ ഞങ്ങൾക്കനുകൂലമായി ചിന്തിക്കുന്നുണ്ട്. പക്ഷെ, അവർ നിശബ്ദരാണ് പൊതുവെ. ചിലർ മാദ്ധ്യമങ്ങളിൽ ശ്രദ്ധകിട്ടാൻ വേണ്ടി പ്രചരണം നടത്തുന്നു. കലാകാരൻമാർക്കെല്ലാം ഇപ്പോൾ ഒരു ലോബീംയിംഗ് നടത്തേണ്ട ഗതിയില്ല.
ബി.ജെ.പി വന്നതിനുശേഷം അവാർഡ് കൊടുക്കുന്ന കാര്യങ്ങളിലൊന്നും ഒരു ലോബീയിംഗുമില്ല. പണ്ടങ്ങനെയല്ലല്ലോ. രാഷ്ട്രീയക്കാരുടെ പെട്ടിപിടിച്ചാണ് പലരും ആ കാലത്ത് വന്നത്. ഇത്തവണ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. മോദി സർക്കാർ വന്നതിനു ശേഷം വളരെ ശക്തമാണ്. പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ കൊടുക്കുമ്പോൾ അർഹതയുള്ളവരുടെ കയ്യിൽ അങ്ങോട്ട് പോയാണ് കൊടുക്കുന്നത്. ആരും ഇങ്ങോട്ട് മന്ത്രിമാരുടെ കത്തുമായി വന്നിട്ടല്ല. ഇനി ആരെയും പരിഗണിക്കില്ല എന്നല്ല. എപ്പോഴും ഈ സിനിമക്കാരും സാഹിത്യകാരും മാത്രമല്ലല്ലോ. രാഷ്ട്രീയമായി എടുക്കേണ്ട വിഷയമല്ലിത്".-കെ.സുരേന്ദ്രൻ പറയുന്നു.