ട്രംപിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കുന്നത് അതി ഗംഭീര അത്താഴ വിരുന്ന്. ട്രംപിന് പ്രിയപ്പെട്ട ആഹാരങ്ങളോട് കൂടിയ വമ്പൻ മെനുവാണ് രാഷ്ട്രപതി ഭവനിൽ തയാറാക്കിയിരിക്കുന്നത്. കിലോയ്ക്ക് 10,000 മുതൽ 30,000 വരെ വിലയുള്ള ഹിമാലയൻ കാട്ടുകൂണാണ് കൂട്ടത്തിലെ രാജാവ്. പയറുവർഗങ്ങൾക്കൊപ്പം വേവിച്ചാണ് കൂണുകൾ വിളമ്പുക. മട്ടൺ ബിരിയാണിയും ആട്ടിൻകാൽ നീളത്തിൽ പൊരിച്ചെടുത്ത റാൻ ആലിഷാനും ദാൽ റൈസിന കൂട്ടത്തിലുണ്ടാകും. ഡിസേർട്ടുകളും ഹേസെൽനട്ട് ആപ്പിൾ, വാനില ഐസ്‌ക്രീമും ഭക്ഷണത്തിന്റെ കൂട്ടത്തിലുണ്ട്. അപ്പറ്റൈസറുകളുടെ കൂട്ടത്തിൽ ആലു ടിക്കിയും സ്പിനാച് പപ്ടിയുമുണ്ട്. ഫ്രഞ്ച് ആഹാരങ്ങളും വിരുന്നിലുണ്ട്. 100ഓളം അതിഥികളാണ് രാഷ്ട്രപതി ഭവനിലെ വിരുന്നിൽ പങ്കെടുക്കുക.
ട്രംപിനായ് മധുര പാൻമസാല
ട്രംപിനും കുടുംബത്തിനും ഒപ്പമുള്ള അമേരിക്കൻ പ്രതിനിധികൾക്കും കഴിക്കാനായി രാഷ്ട്രപതി ഭവനിൽ മധുര പാൻമസാലയും ഒരുക്കിയിട്ടുണ്ട്. ഡൽഹി നോർത്ത് അവന്യുവിലെ പ്രശസ്തനായ പാണ്ഡേ പാൻവാലയ്ക്കാണ് പാൻമസാല ഉണ്ടാക്കുന്നതിനുള്ള ചുമതല നൽകിയിരിക്കുന്നത്. 77 വർഷം പഴക്കമുള്ള പാണ്ഡേയുടെ കടയിൽ 150 ഓളം വ്യത്യസ്തമായ പാൻമസാലകളുണ്ട്. ചോക്ലേറ്റ് പാൻ, ഓറഞ്ച് പാൻ, മാംഗോ പാൻ, ബ്ലൂബെറി പാൻ ഉൾപ്പെടെ രുചികരമായ നിരവധി പാനുകളാണ് രാഷ്ട്രപതി ഭവനിലെ തീൻമേശയിൽ നിരക്കുക. രാഷ്ട്രപതി ഭവനിലേക്ക് സ്ഥിരം മധുരാപാനുകൾ ഉണ്ടാക്കി നൽകുന്നത് പാണ്ഡേ പാൻവാലയാണ്. മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദർശന വേളയിൽ അദ്ദേഹം വളരെ ആവേശത്തോടെ പാൻ മസാല കഴിക്കുകയും പാണ്ഡേയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ഇന്ത്യാ സന്ദർശനവേളയിൽ ട്രംപിനും ഭാര്യ മെലാനിയക്കും വിഭവസമൃദ്ധമായ വിഭവങ്ങളാണ് ഒരുക്കിയത്. എല്ലാം ഇരുവരും രുചയോടെ കഴിച്ചെങ്കിലും ഇഷ്ടവിഭവമായ ബീഫും പോർക്കും കിട്ടിയില്ല. ഇത് രണ്ടിനും നരോധനമുള്ളതാണ് ട്രംപിന് വിനയായത്. ട്രംപ് മദ്യം ഉപയോഗിക്കാറില്ല. ട്രംപിന്റെ മൂത്ത സഹോദരൻ ഫ്രെഡ് ട്രംപ് ജൂനിയർ അമിത മദ്യപാനത്തെ തുടർന്ന് ചെറുപ്പത്തിൽ തന്നെ മരിച്ചതാണ് മദ്യമുപേക്ഷിക്കാൻ ട്രംപിനെ പ്രേരിപ്പിച്ച ഘടകം. പുകവലിയും ട്രംപിന്റെ നിഘണ്ടുവിലില്ല. പൊതുവെ ഫാസ്റ്റ് ഫുഡുകളോടാണ് ട്രംപിന് പ്രിയം.