ഇന്ത്യൻ സന്ദർശനത്തിനായെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താജ്മഹലിനെ കുറിച്ച് പറഞ്ഞത് വാർത്തയായിരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അഭിവൃദ്ധിയുടെ കാലാതീതമായ തെളിവാണ് താജ്മഹലെന്നാണ് അദ്ദേഹം വിസിറ്റേഴ്‌സ് ഡയറിയില്‍ രേഖപ്പെടുത്തിയത്. ഇന്ത്യന്‍ സംസ്‌കാരവും വൈവിധ്യം നിറഞ്ഞതാണ്. അതിന്റെ സൗന്ദര്യവും സമ്പന്നതയുമാണ് താജ്മഹലില്‍ കാണാന്‍ കഴിഞ്ഞത്. താങ്ക് യൂ ഇന്ത്യയെന്നും ട്രംപ് ഡയറിയില്‍ കുറിച്ചു.
താജ്മഹലിൽ രണ്ടുമണിക്കൂറോളമാണ് ട്രംപും മെലാനിയയും ചെലവഴിച്ചത്. താജ്മഹലിൽ ട്രംപിനെ അനുഗമിച്ചത് ടൂറിസ്റ്റ് ഗൈഡ് നിതിൻ കുമാർ സിംഗാണ് ട്രംപിനും മെലാനിയയ്ക്കുമൊപ്പം ഉണ്ടായിരുന്നത്. 'അവിശ്വസനീയം' എന്നാണ് താജ് മഹൽ കണ്ട ട്രംപ് ആദ്യം പറഞ്ഞത് എന്ന് ആഗ്ര സ്വദേശിയായ ഗൈഡ് നിതിൻ കുമാർ പറഞ്ഞു.
''താജ് മഹലിന്റെ നിർമാണരീതിയെക്കുറിച്ചും പിന്നിലുള്ള കഥയെക്കുറിച്ചും ഞാൻ അവർക്ക് പറഞ്ഞുകൊടുത്തു. ഷാജഹാനെക്കുറിച്ചും മുംതാസിനെക്കുറിച്ചും കേട്ട ട്രംപ് അൽപസമയത്തേക്ക് വികാരാധീനനായി''- നിതിൻ പറഞ്ഞു. അൽപ്പസമയത്തേക്ക് ഇരുവരും നിശബ്ദരായിരുന്നു. പിന്നീട് ചരിത്രത്തെക്കുറിച്ചും നിർമാണരീതിയെക്കുറിച്ചും ചോദിച്ചറിഞ്ഞെന്ന് നിതിൻ പറയുന്നു.
താജ്മഹലിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം ഇന്ത്യൻ ചരിത്രത്തെക്കുറിച്ച് മനസിലാക്കാനും മുഗൾ വാസ്തുശൈലിയെ ക്കുറിച്ചറിയാനും ട്രംപിനെ സഹായിച്ചത് നിതിന്റെ വിവരണങ്ങളാണ്. താജ്മഹൽ കണ്ട ട്രംപിൽ നിന്നും ആദ്യം പുറത്തുവന്ന വാക്ക് അവിശ്വസനീയമെന്നായിരുന്നു. ഒരിക്കൽ കൂടി താജ്മഹല്‍ സന്ദർശിക്കാനെത്തുമെന്ന് വാക്കുതന്നാണ് ഇരുവരും മടങ്ങിയതെന്നും നിതിൻ പറയുന്നു. വിനോദ സഞ്ചാര വകുപ്പിലെ ടൂറിസ്റ്റ് ഗൈഡാണ് നിതിൻ. വി.വി.ഐ.പികൾ താജ്മഹൽ സന്ദർശിക്കാനെത്തുമ്പോഴെല്ലാം ഗൈഡായി എത്താറുള്ളത് നിതിനാണ്.