ന്യൂഡൽഹി: ബി.ജെ.പി നേതാവ് കപിൽ മിശ്ര ഞായറാഴ്ച നടത്തിയ പ്രകോപനപരമായ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി എം.പി ഗൗതം ഗംഭീർ രംഗത്ത്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ച ഡൽഹിയിൽ അരങ്ങേറിയ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് കപിൽ മിശ്രയുടെ പരാമർശത്തെ ഗംഭീർ വിമർശിച്ചത്. ഉത്തരവാദിത്തങ്ങൾ മറന്ന് ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയതിന് അദ്ദേഹത്തിനെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും ഗംഭീർ ആവശ്യപ്പെട്ടു.
"ഇത് നിർഭാഗ്യകരമാണ്, ഇത്തരത്തിലൊരു പ്രവൃത്തി ആര് ചെയ്താലും നടപടിയെടുക്കണം അത് ബി.ജെ.പിയോ, കോൺഗ്രസോ, എ.എ.പിയോ ആണെങ്കിൽ പോലും .കപിലിന്റെ വാക്കുകൾ അംഗീകരിക്കാനാവില്ല. ഇത് ഡൽഹിയുടെ പ്രശ്നമാണ് രാഷ്‌ട്രീയപാർട്ടികളുടെ പ്രശ്നമല്ല." -ഗംഭീർ പറഞ്ഞു. അക്രമത്തിൽ പരിക്കേറ്റ പൊലീസുകാരനെ സന്ദർശിക്കാൻ ആശുപത്രിയിലെത്തിയപ്പോഴാണ് ഗംഭീർ ഇക്കാര്യം സൂചിപ്പിച്ചത്.
ഷഹീൻ ബാഗ് സമരം സമാധാനപരമായാണ് മുന്നോട്ടുപോകുന്നത്, പക്ഷെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇവിടെ എത്തിയപ്പോൾ സമരം അക്രമത്തിലേക്ക് തിരിഞ്ഞത് ശരിയായ കാര്യമല്ല. സമാധാനപരമായ സമരം അംഗീകരിക്കാനാവും എന്നാൽ കൈകളിൽ കല്ലേന്തി നിൽക്കുന്നത്, പൊലീസിന്റെ മുന്നിൽ എങ്ങനെയാണ് അക്രമികൾക്ക് തോക്കേന്തി നിൽക്കാനായത്? അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മാസം ഡൽഹിയിൽ നടന്ന തിരഞ്ഞെടുപ്പിൽ കപിൽ മിശ്ര പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടുമാസമായി പൗരത്വഭേദഗതി നിയമത്തെ എതിർക്കുന്നവർക്കെതിരെ നടത്തിയ വിവാദപരാമർശങ്ങൾക്ക് മിശ്ര വിമർശിക്കപ്പെടുകയും ചെയ്തിരുന്നു.. കൂടാതെ "രാജ്യദ്രോഹികളെ വെടിവച്ച് കൊല്ലുക" എന്ന് സമരക്കാർക്കെതിരെ മിശ്ര മുദ്രാവാക്യം മുഴക്കിയിരുന്നു. തെരുവുകളെ അക്രമിക്കണമെന്നും സമാധാനത്തെ അവശേഷിപ്പിക്കരുതെന്നും ആഹ്വാനം ചെയ്തുകൊണ്ട് ഒരു വീഡിയോയും മിശ്ര ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
അതേസമയം, പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വടക്കു കിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. സംഘർഷത്തിനിടെ വെടിയേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലാപത്തിന്റെ പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ ഡൽഹിയിൽ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കലാപത്തെക്കുറിച്ച് നാളെ സുപ്രീം കോടതി പരിശോധിക്കും.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള സംഘർഷത്തിൽ വടക്കുകിഴക്കൻ ഡൽഹിയിൽ മരിച്ചവരുടെ എണ്ണം ഏഴായി. പൊലീസുകാരുൾപ്പെടെ 160 പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. സംഘർഷത്തിനിടെ പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾക്കും വീടുകൾക്കും തീയിട്ടു. ആക്രമണത്തിൽ മാദ്ധ്യമപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.