mubarak

കെയ്‍റോ: മൂന്നു പതിറ്റാണ്ടോളം ഈജിപ്‌റ്റ് ഭരിച്ച മുൻ പ്രസിഡന്റ് ഹോസ്‍നി മുബാറക് (91)അന്തരിച്ചു. ഏറെക്കാലമായി വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. ജനുവരിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം കെയ്‍റോയിലെ ഗാല മിലിറ്ററി ഹോസ്‍പിറ്റലിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം.

മുഹമ്മദ് അലി പാഷയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കാലം ഈജിപ്റ്റ് ഭരിച്ച ഭരണാധികാരിയാണ് ഹുസ്‌നി മുബാറക്. 1981 മുതൽ 2011 വരെ ഈജിപ്റ്റിന്റെ പ്രസിഡന്റായിരുന്ന മുബാറക്,​ 2011 ജനുവരിയിലെ ജനകീയ പ്രക്ഷോഭത്തെ (അറബ് വസന്തം)​ തുടർന്നാണ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്. ഈജിപ്റ്റിന്റെ നാലാമത്തെ പ്രസിഡന്റായിരുന്ന ഹോസ്‌നി മുബാറക്ക് സ്വേച്ഛാധിപത്യഭരണത്തിന്റെ പേരിൽ വലിയ വിമർശനമേറ്റുവാങ്ങിയിരുന്നു.

ഏപ്രിലിൽ മുബാറക് അറസ്റ്റിലായി. മുബാറക്കിനെ 2011 ആഗസ്റ്റിൽ സ്‌ട്രെച്ചറിൽ കിടത്തി, കൂട്ടിലടച്ച നിലയിൽ കോടതിയിലെത്തിച്ചത് ഈജിപ്റ്റ് ടിവി സംപ്രേഷണം ചെയ്തിരുന്നു. പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത കുറ്റത്തിന് 2012ൽ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. തുടർന്ന് ജയിലിലും ദക്ഷിണ കെയ്റോയിലെ സൈനിക ആശുപത്രിയിലും കനത്ത കാവലിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.

എന്നാൽ, പുനർവിചാരണയ്ക്ക് ഉത്തരവിട്ട അപ്പീൽ കോടതി രണ്ടുവർഷത്തിന് ശേഷം അഴിമതി,​ കൊലപാതക കേസുകളിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. തൊള്ളായിരത്തോളം പ്രക്ഷോഭകരെ കൂട്ടകൊലചെയ്ത കേസിൽ 2017ൽ രാജ്യത്തെ പരമോന്നത കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതോടെ ജയിൽമോചിതനായി. ഇതിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

ഭരണത്തിലേറി ആദ്യകാലങ്ങളിൽ മികച്ച ഭരണാധികാരിയായിരുന്ന മുബാറക് പിന്നീടാണ് വിമത ശബ്ദങ്ങളെ അടിച്ചമർത്താൻ തുടങ്ങിയത്.

1995ൽ ഇന്ത്യൻ ഗവൺമെന്റ് ജവഹർലാൽ നെഹ്റു പുരസ്കാരം നൽകി ആദരിച്ചിരുന്നു.

ഭാര്യ: സൂസൻ,​ മക്കൾ: ഗമാൽ,​ അലാ.

 1928 മേയ് 4 ന് ഈജിപ്റ്റിലെ മൊനുഫീയയിൽ ജനനം

 1949ൽ ഈജിപ്ഷ്യൻ മിലിട്ടറി അക്കാഡമിയിൽ നിന്ന് മിലിട്ടറി സയൻസസിൽ ബിരുദം നേടി.

 1950ൽ ഈജിപ്റ്റ് എയർ ഫോഴ്‌സിൽ പൈലറ്റ് ഓഫീസറായി.

 1972- 1975 വരെ എയർഫോഴ്സ് കമാൻഡർ.

 അറബ്- ഇസ്രയേൽ യുദ്ധത്തിലെ മികച്ച പ്രകടനം ഹോസ്‌നി മുബാറക്കിനെ ദേശീയ ഹീറോയാക്കി.

 1975ൽ ഈജിപ്റ്റിന്റെ വൈസ് പ്രസിഡന്റ്

 1981 ഒക്ടോബർ 14 ന് അന്നത്തെ പ്രസിഡന്റ് അൻവർ സാദത്ത്‌ കൊല്ലപ്പെട്ടതിനെത്തുടർന്ന് പ്രസിഡന്റായി ചുമതലയേറ്റെടുത്തു.

അടിച്ചമർത്തലും പൊലീസ്,സൈനിക ക്രൂരതകളും നിറഞ്ഞതായിരുന്നു ഭരണകാലം

 2011ൽ സ്ഥാനഭ്രഷ്ടനായി

 2012ൽ കോടതി ശിക്ഷിച്ചു.

 2017 മാർച്ചിൽ കുറ്റവിമുക്തനാക്കി

 2020 ഫെബ്രുവരി 25 ന് അന്ത്യം