ന്യൂഡൽഹി: ''ഇന്നലെ ഉച്ചയ്ക്ക് 12.15ഓടെ മജ്പൂർ മെട്രോ സ്റ്റേഷനിലെത്തിയ എന്റെ അടുത്തേക്ക് ഒരു ഹിന്ദു സേനാംഗം വന്നു. നിങ്ങൾ ഹിന്ദുവോ മുസ്ളിമോ എന്നായിരുന്നു ചോദ്യം. പേരു പറഞ്ഞപ്പോൾ നെറ്റിയിൽ തിലകം ചാർത്തി. ഇത് നിങ്ങളുടെ ജോലി എളുപ്പമാക്കുമെന്ന് പറഞ്ഞു.
കുറച്ച് മുന്നോട്ട് നടന്ന് ഫോട്ടോ പകർത്തിയപ്പോൾ മറ്റൊരു സംഘം ആളുകൾ എന്നെ തടഞ്ഞു. 'നിങ്ങളും ഒരു ഹിന്ദുവാണ്, എന്തിനാണ് അതിന്റെ ഫോട്ടോ എടുക്കുന്നത്. ഇന്ന് ഹിന്ദു ഉണർന്ന ദിവസമാണെന്ന് 'പറഞ്ഞു.
മറ്റൊരു സംഘമെത്തി എന്റെ പാന്റ്‌സ് അഴിക്കാൻ ആവശ്യപ്പെട്ടു. ഉപദ്രവിക്കരുതെന്നും ഞാൻ ഒരു സാധാരണ ഫോട്ടോഗ്രാഫറാണെന്നും വെറുതെ വിടണമെന്നും തൊഴുത് കൊണ്ട് പറഞ്ഞപ്പോഴാണവർ വിട്ടയച്ചത്."- ടൈംസ് ഒഫ് ഇന്ത്യയിലെ ഫോട്ടോ ജേർണലിസ്റ്റ് അനിൽ ചദോപാദ്ധ്യായുടെ അനുഭവമാണിത്. വടക്കുകിഴക്കൻ ഡൽഹിയിൽ മതം നോക്കി യുവാക്കൾ അക്രമം അഴിച്ചുവിടുന്ന കാഴ്ചയാണ് അനിൽ നേരിട്ടറിഞ്ഞത്.
അനിലെത്തി 15 മിനിറ്റിന് ശേഷം പ്രദേശത്ത് കല്ലേറു തുടങ്ങി. ‘മോദി മോദി’ വിളികൾ മുഴക്കിയാണ് കല്ലെറിയുന്നത്. ഫോട്ടോ എടുക്കുന്നതിനിടെ അനിലിനെ മുള വടികളും ഇരുമ്പുവടിയുമായെത്തിയ ഒരു സംഘം പിടികൂടി. കാമറ കൈക്കലാക്കാൻ ശ്രമിച്ചു. അനിലിനൊപ്പമുണ്ടായിരുന്ന റിപ്പോർട്ടറാണ് രക്ഷിച്ചത്.
ഒരുവിധം സ്ഥലത്ത് നിന്ന് മടങ്ങാൻ ശ്രമിച്ചപ്പോഴാണ് മറ്റൊരുസംഘമെത്തി പാന്റഴിക്കാൻ ആവശ്യപ്പെട്ടത്. തൊഴുത് പറഞ്ഞതുകൊണ്ടാണ് അനിലിന് രക്ഷപെടാനായത്.
ആട്ടോയിൽ ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെ മൂന്നു നാലു പേരെത്തി വണ്ടി തടഞ്ഞു. ആട്ടോയുടെ പേരായിരുന്നു പ്രശ്നം. കോളറിൽ പിടിച്ചു വലിച്ച് പുറത്തേക്കിറക്കി. ഞങ്ങളെ വെറുതേ വിടണമെന്നും, ആട്ടോക്കാരൻ നിരപരാധിയാണെന്നും അവരുടെ കാലു പിടിച്ചു പറഞ്ഞതോടെയാണ് വിട്ടയച്ചത്.
ആട്ടോക്കാരൻ അനിലിനോട് പറഞ്ഞു.
'ഇത്രയും ഭീകരമായ രീതിയിൽ ഇതുവരെ ആരും എന്റെ മതത്തെ കുറിച്ച് അന്വേഷിച്ചിട്ടില്ല എന്ന്."