ന്യൂഡൽഹി: ''ഹിന്ദുക്കളും മുസ്ളിങ്ങളും പൊലീസുകാരുമെല്ലാം കൊല്ലപ്പെടുന്നു. വീടുകളും കടകളും കത്തിക്കുന്നു. ആർക്കുവേണ്ടിയാണിത്?. ആരെ സഹായിക്കാനാണിത്. ഒരാളെയുമില്ല. ഈ ഭ്രാന്ത് അവസാനിപ്പിച്ചേ തീരൂ..." അക്രമം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സമാധാനം പുനഃസ്ഥാപിക്കണമെന്ന് പ്രാർത്ഥിച്ച് മഹാത്മഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ കേജ്രിവാളിന്റെ നേതൃത്വത്തിൽ പ്രാർത്ഥനാ സംഗമം നടത്തി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആം ആദ്മി പാർട്ടി നേതാക്കളും രാജ്ഘട്ടിലെത്തിയിരുന്നു.
' ക്ഷേത്രങ്ങളിൽനിന്നും പള്ളികളിൽനിന്നും സമാധാനത്തിന് ആഹാനം ചെയ്യണം. തെരുവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിക്കാനായി പൊലീസ് കമ്മിഷണറോട് ആവശ്യപ്പെടാൻ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ ലോക്കൽ പൊലീസിന് കൂടുതൽ അധികാരം നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.' - കേജ്‌രിവാൾ പറഞ്ഞു.
പ്രശ്നബാധിത പ്രദേശങ്ങളിലെ എം.എൽ.എമാരുടെയും വിവിധ വകുപ്പ് മേധാവികളുടെയും യോഗം മുഖ്യമന്ത്രി വിളിച്ചുചേർത്തിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ എല്ലാ ആശുപത്രി അധികൃതരോടും അദ്ദേഹം ആവശ്യപ്പെട്ടു.