alcohol
ALCOHOL, INDIA

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം ഏപ്രിൽ ഒന്നിന് നിലവിൽ വരും. ഇവിടെ ഉത്പാദിപ്പിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കയറ്റിയയ്ക്കുന്ന കുപ്പികളിൽ പതിക്കുന്ന ലേബലുകളിൽ ഉത്പാദകരോ കയറ്റുമതിക്കാരോ ആവശ്യപ്പെടുന്ന തരത്തിൽ മാറ്റം വരുത്താൻ എക്സൈസ് കമ്മിഷണറെ ചുമതലപ്പെടുത്തി നിയമം പരിഷ്കരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഉത്പാദകരുടെയും കയറ്റുമതിക്കാരുടെയും അസൗകര്യം ഒഴിവാക്കാനാണിത്. ലേബൽ അംഗീകരിക്കാനുള്ള ഫീസ് അരലക്ഷമാക്കി ഉയർത്തി. നിലവിൽ 25,000 രൂപയാണ്. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ഗ്ലാസ് കുപ്പികളുടെ ഉപയോഗത്തിന് പ്രോത്സാഹനം നൽകാൻ ഗ്ലാസ് കുപ്പികളിലെ ലേബലുകളെ വർദ്ധനയിൽ നിന്നൊഴിവാക്കി. ബാറുകളുടെയും ക്ലബുകളുടെയും ലൈസൻസ് ഫീസ് 2017-18ലാണ് ഇതിനുമുമ്പ് ഉയർത്തിയത്.

പുറത്തുള്ള ഡിസ്റ്റിലറികൾ കേരളത്തിലെ ഡിസ്റ്റിലറികളിൽ കരാർ വ്യവസ്ഥയിൽ മദ്യം ഉത്പാദിപ്പിക്കുമ്പോൾ ഓരോ ഡിസ്റ്റിലറിക്കും രണ്ട് ലക്ഷം നിരക്കിൽ ഫീസ് ഈടാക്കും. കേരളത്തിലെ ചില ഡിസ്റ്റിലറികളിലും ബ്ലൻഡിംഗ് യൂണിറ്റുകളിലും സംസ്ഥാനത്തിന് പുറത്തുള്ള ഡിസ്റ്റിലറികൾ അവരുടെ മദ്യം ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് സംസ്ഥാനത്തിന് ഇറക്കുമതിഫീസ് നഷ്ടമാക്കുന്നുവെന്ന് അക്കൗണ്ടന്റ് ജനറൽ ചൂണ്ടിക്കാട്ടിയിരുന്നു.

ബിയർ പബ്ബുകളും മൈക്രോ ഡിസ്റ്റിലറികളും ആരംഭിക്കാൻ അനുമതി നൽകുമെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നെങ്കിലും മദ്യനയത്തിൽ അവ ഒഴിവാക്കുകയായിരുന്നു. എന്നാൽ,​ രാത്രികാലത്തും ഉണർന്നിരിക്കുന്ന നഗരങ്ങൾ കേരളത്തിൽ രൂപപ്പെടുന്നതോടെ ബിയർ പബ്ബുകളും മൈക്രോ ഡിസ്റ്റിലറികളും പ്രഖ്യാപിച്ച് മദ്യനയത്തിൽ വേണമെങ്കിൽ സർക്കാരിന് മാറ്റം വരുത്താം. മന്ത്രിസഭയ്ക്ക് ഇതിന് അധികാരമുണ്ട്. രാത്രിയിലും ഉണർന്നിരിക്കുന്ന ആദ്യനഗരമായി തിരുവനന്തപുരത്തെയാണ് സർക്കാരിപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഡ്രൈ ഡേ ഒഴിവാക്കി ഒന്നാം തീയതികളിലും മദ്യശാലകൾ തുറക്കാൻ അനുമതി നൽകുമെന്ന പ്രചാരണങ്ങളും ഉയർന്നതാണ്. തദ്ദേശഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ സർക്കാർ ഈ നീക്കത്തിൽനിന്ന് പിന്മാറുകയായിരുന്നു.

എൽ.ഡി.എഫ് സർക്കാർ വന്നശേഷമാണ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രമായിരുന്ന ബാർലൈസൻസുകൾ ത്രീ സ്റ്റാറോ അതിനു മുകളിലോ പദവിയുള്ള എല്ലാ ഹോട്ടലുകൾക്കും നൽകാൻ തീരുമാനിച്ചത്. ഇതോടെ ബാറുകളുടെ എണ്ണം 28ൽ നിന്ന് 572 ആയി ഉയർന്നു.

ഡിസ്റ്റിലറി ആൻഡ് വെയർഹൗസ് വിഭാഗത്തിൽ ഫീസ് ഇരട്ടിയാക്കും. നാലിനങ്ങൾക്കായി ഫീസ് 2ലക്ഷത്തിൽ നിന്ന് 4ലക്ഷമാകും.

 സംസ്ഥാനത്ത് ഇപ്പോൾ 42 ക്ലബുകൾക്ക് എഫ്.എൽ 4എ ലൈസൻസുണ്ട്. ഭാരവാഹികൾ മാറുമ്പോൾ നിലവിലെ നിയമപ്രകാരം രണ്ട് ലക്ഷം രൂപ ഫീസടയ്ക്കണം. ഇത് ഒഴിവാക്കി. ഈ ഫീസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി വിധിച്ച സാഹചര്യത്തിലാണ് ഒഴിവാക്കുന്നത്.

മാറ്റമില്ലാത്തവ

- എഫ്.എൽ 11 ബിയർ പാർലർ ലൈസൻസ് ഫീസ് 4ലക്ഷം തുടരും

-മിലിറ്ററി ക്യാന്റീൻ (എഫ്.എൽ 8), പാരാ മിലിറ്ററി (എഫ്.എൽ 8എ) എന്നിവയ്ക്ക് 1000 രൂപയും തുടരും