 വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽ പരാതിക്കാരില്ല; പരാതി കിട്ടിയവരുമില്ല

കൊച്ചി: പ്രവാസി സംരംഭകർ ചേർന്ന് തുടക്കമിട്ട സൗന്ദര്യവർദ്ധക ഉത്‌പന്ന വിതരണ കേന്ദ്രമായ മിഡാസിന്റെ കൊച്ചി മറൈൻഡ്രൈവിലെ ഷോറൂമിൽ കഴിഞ്ഞമാസം ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നടത്തിയ റെയ്ഡ് വിവാദമാകുന്നു. പരാതിയോ പരാതിക്കാരോ ഇല്ലാതെ,​ സ്ഥാപനത്തിന്റെ പ്രതിച്‌ഛായ മോശമാക്കാൻ വേണ്ടി മാത്രമായിരുന്നു റെയിഡെന്ന് മിഡാസ് മാനേജിംഗ് ഡയറക്‌ടർ അബ്‌ദുൾ റഹുമാൻ പറഞ്ഞു.

കൊച്ചിയിലെ മിഡാസ് ബ്യൂട്ടി മാർട്ടിനെതിരെ എറണാകുളം ഡ്രഗ്‌സ് കൺട്രോളറുടെ കാര്യാലയത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ പ്രകാരം ഉന്നയിച്ച ചോദ്യത്തിന് റീജിയണൽ ഡ്രഗ്‌സ് ഇൻസ്‌പെക്‌ടർ മറുപടി നൽകിയിട്ടുണ്ട്. ഫേഷ്യൽ കാപ്‌സ്യൂളുകൾ,​ ഹെയർ കാപ്‌സ്യൂളുകൾ,​ അലോവേര ജെൽ,​ ഹെർബൽ ഹെന്ന തുടങ്ങിയവയാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം റെയ്ഡിലൂടെ പിടിച്ചെടുത്തത്.

കോഴിക്കോട്ടും തിരുവല്ലയിലും കൊച്ചിയിലുമായി 4 ഷോറൂമുകൾ മിഡാസിനുണ്ട്. എട്ടുവർഷമായി പ്രവർത്തിക്കുന്ന മിഡാസിന് ലക്ഷക്കണക്കിന് ഉപഭോക്താക്കളുമുണ്ട്. പ്രതിവർഷം നാലുകോടി രൂപയാണ് വിറ്രുവരവ്. കൃത്യമായ രേഖകളുള്ള ഉത്‌പന്നങ്ങളാണ് ഷോറൂമുകളിൽ വില്ക്കുന്നത്. ഇതുവരെ പരാതികളൊന്നും ഉണ്ടായിട്ടുമില്ല. കടയ്ക്ക് ചീത്തപ്പേരുണ്ടാക്കാൻ മനഃപൂർവം റെയ്ഡ് നടത്തുകയായിരുന്നു എന്നും അബ്‌ദുൾ റഹുമാൻ ആരോപിച്ചു.

പിടിച്ചെടുത്ത ഉത്‌പന്നങ്ങളുടെ ലാബ് ഫലം ഇനിയും വന്നിട്ടില്ല. മറ്രെവിടെയെങ്കിലും പരാതി ലഭിച്ചതായും തന്നെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.