ivanka

കഴിഞ്ഞ വർഷം അർജന്റീന സന്ദർശിച്ചപ്പോൾ ധരിച്ച, ഇളംനീല നിറത്തിൽ പൂക്കൾ ഉള്ള അതേ വസ്ത്രം തന്നെ ഇന്ത്യൻ സന്ദർശന വേളയിലും തിരഞ്ഞെടുത്ത് ലാളിത്യം കൊണ്ട് സോഷ്യൽ മീഡിയയെ ഞെട്ടിച്ച ഇവാൻക ട്രംപ് ഇന്നലെ രാഷ്ട്രപതിഭവനിലെ ചടങ്ങിനെത്തിയത് വെള്ള ഷെർവാണിയും പാന്റ്സും ധരിച്ച്. ബംഗാളിലെ മുർഷിദാബാദിൽ നിന്നുള്ള നെയ്ത്തുകാർ കൈകൊണ്ട് നെയ്‌തെടുത്ത പട്ടിൽ പ്രശസ്ത ഫാഷൻ ഡിസൈനർ അനിത ദോംഗ്രെ ഡിസൈൻ ചെയ്തതാണ് ഇവാൻകയുടെ വേഷം. രാഷ്ട്രപതിഭവനിൽ ഡൊണാൾഡ് ട്രംപിന് ഔപചാരിക സ്വീകരണം നൽകുന്ന ചടങ്ങിനായി ഇവാൻക ഫോർമൽ വേഷം തിരഞ്ഞെടുക്കുകയായിരുന്നു.

അമേരിക്കയിൽ സ്വന്തം ബ്രാൻഡിൽ ഫാഷൻ അക്സസറീസ് സംരംഭകയായിരുന്ന ഇവാൻക ട്രംപ് 2007 ൽ മാൻഹാട്ടണിൽ ജൂവലറി ബോട്ടിക് തുറന്നാണ് ഫാഷൻ ബിസിനസിലേക്ക് ചുവടുവച്ചത്. 2010 ൽ ഇവാൻകയുടെ ബ്രാൻഡ് 150 ഇനം ഷൂസുമായി വിപണിയിൽ തരംഗം സൃഷ്ടിച്ചു. 2011 ൽ ഇളയ പുത്രി അരബെല്ലാ റോസ് ജനിച്ചതിനു ശേഷമായിരുന്നു, ഫാഷൻ വസ്ത്രലോകത്തേക്ക് ഇവാൻക ട്രംപ് ബ്രാൻഡിന്റെ രംഗപ്രവേശം. ഹോട്ടൽ ബിസിനസിൽ അച്ഛൻ പുലർത്തിയ ലക്ഷ്വറി ആശയം തന്നെയായിരുന്നു ഫാഷൻ വിപണിയിൽ ഇവാൻകയുടേതും. വിലയല്ല, ആഡംബരമാണ് മുഖ്യം!


വൈറ്റ് ഹൗസിൽ ട്രംപിന്റെ സീനിയർ അഡ്വൈസർ ആയി നിയോഗിക്കപ്പെട്ടതിനു ശേഷം, ആറു മാസം കഴിഞ്ഞ് ഇവാൻക പ്രഖ്യാപിച്ചു: വാഷിംഗ്ടണിലെ ജോലികളിൽ കൂടുതൽ ശ്രദ്ധ വേണ്ടതിനാൽ ഞാൻ ബിസിനസ് രംഗത്തു നിന്ന് വിടപറയുകയാണ്. അടുത്തെങ്ങാനുമോ, ഇനി എന്നെങ്കിലുമോ ഇതേ ബ്രാൻഡുമായി ഞാൻ തിരികെവരുമോ എന്ന് പറയാനാവില്ല! ട്രംപ് അധികാരത്തിലെത്തിയപ്പോൾ മുതൽ ഇവാൻക ഫാഷൻ ബ്രാൻഡ് തിരസ്‌കരിക്കണമെന്ന് ട്രംപ് വിരോധികൾ തുടർച്ചയായി പ്രചാരണം നടത്തിയതിനെ തുടർന്നുള്ള സമ്മർദ്ദവും ഈ അടച്ചുപൂട്ടലിനു പിന്നിലുണ്ടായിരുന്നു എന്നാണ് പിന്നാമ്പുറം കഥ.