'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സാമുവൽ എബിയോള റോബിൻസൺ ഇന്ത്യയിലേക്ക് തിരിച്ചെത്തി. താൻ വിഷാദത്തിൽ പെട്ടിരിക്കുകയാണെന്നും ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്നും പറഞ്ഞുകൊണ്ട് കുറച്ചുനാൾ മുൻപ് സാമുവൽ രംഗത്തെത്തിയിരുന്നു. എന്നാൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതോടെ ഇദ്ദേഹം ഏറെ ആഹ്ലാദവാനാണ്. എന്നാൽ സാമുവൽ ഇന്ത്യയിലേക്ക് തിരിച്ചുവരാൻ പ്രത്യേകിച്ച് ഒരു കാര്യമുണ്ട്. തന്റെ പ്രണയിനിയെ കാണാൻ വേണ്ടിയാണ് സാമുവൽ ഇങ്ങോട്ടേക്ക് തിരിച്ചത്. ഒഡിഷ സ്വദേശിയും അഭിഭാഷകയുമായ ഇഷാ പാട്രിക്ക് ആണ് സാമുവലിന്റെ പ്രണയഭാജനം. തന്റെ കാമുകിയെ പറ്റി സാമുവൽ പറയുന്നത് കേൾക്കാം.
'എനിക്ക് ഇന്ത്യൻ സ്ത്രീകളെ ഇഷ്ടമാണ്. പക്ഷെ എന്റെ കാമുകിയുടെ ദേശം അല്ല എന്നെ അവളിലേക്ക് ആകർഷിച്ചത്. അത് അവളുടെ ഹൃദയവും അലിവുള്ള വ്യക്തിത്വവുമായിരുന്നു. ഞങ്ങളുടെ ബന്ധം മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ ഞാനും ഇഷയും ഏതാനും മാസങ്ങൾക്ക് മുൻപാണ് തീരുമാനമെടുത്തത്. എന്റെ കാര്യത്തിൽ ഇതുവരെ സംഭവിച്ചതിൽ വച്ച് ഏറ്റവും മികച്ച കാര്യമാണ് ഞാൻ അവളെ കണ്ടുമുട്ടിയതെന്നത്. ഞാനുമായി ഇത്രയും ചേരുന്ന ഒരാളെ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. എന്നിൽ ഇല്ലാതിരുന്ന ഭാഗങ്ങൾ അവളെ കണ്ടപ്പോൾ പൂർണമായി മാറി.' പ്രണയാതുരനായി സാമുവൽ പറഞ്ഞുനിർത്തി.
തന്റെയും ഇഷയുടെയും ഒരു സുഹൃത്ത് വഴിയാണ് തങ്ങൾ ആദ്യമായി കണ്ടുമുട്ടിയതെന്ന് സാമുവൽ ഓർക്കുന്നു. അന്ന് തന്റെ മുൻ കാമുകിയുമായുള്ള ബ്രേക്കപ്പിലൂടെ കടന്നു പോകുകയായിരുന്ന സാമുവൽ തമാശയ്ക്കാണ് 'നമ്മുക്ക് ഡേറ്റ് ചെയ്താലോ' എന്ന ആശയം ഇഷയ്ക് മുൻപിലേക്ക് വയ്ക്കുന്നത്. ഇക്കാര്യം ഇഷ തുടക്കത്തിൽ തമാശയായി തന്നെയാണ് എടുത്തതെങ്കിലും പിന്നീട് പതുക്കെ ഇരുവർക്കുമിടയിൽ പ്രണയം പൊട്ടി വിടരുകയായിരുന്നു. വിവാഹത്തിന്റെ കാര്യം ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും നിലവിൽ ഗൗരവതരമായ പ്രണയബന്ധത്തിലാണ് തങ്ങളെന്നും സാമുവൽ പറഞ്ഞു. 'ഞങ്ങൾ എൻഗേജ്ഡ് ആയാൽ സോഷ്യൽ മീഡിയയിലൂടെ ആ വിവരം അറിയിക്കും.' 'സുഡാനി' സാമുവൽ പറയുന്നു.