ss

തിരുവനന്തപുരം: ചാലയെ പൈതൃകത്തെരുവാക്കി നവീകരിക്കുന്നതിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ആദ്യഘട്ടത്തിൽ 233 കടകളാണ് നിർമ്മിച്ചത്.ചാലയുടെ ഗതകാല സ്മരണകളും തിരുവിതാംകൂറിന്റെ ചരിത്രവുമൊക്കെ കടകളുടെ ചുമരിൽ ആലേഖനം ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി കിഴക്കേകോട്ട മുതൽ കിള്ളിപ്പാലം വരെ പൈതൃകത്തെരുവ് നിർമ്മിക്കുമെന്നും ആര്യശാല ജംഗ്ഷന്റെ മുഖച്ഛായ മാറ്റുമെന്നും മന്ത്രി പറഞ്ഞു.

മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ശുചിത്വമിഷൻ, കോർപ്പറേഷൻ, ട്രിഡ എന്നിവയുടെ സഹായത്തോടെ മാലിന്യസംസ്‌കരണ പദ്ധതി നടപ്പാക്കും. വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും.

ജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും തടസമില്ലാതെ ചാല കമ്പോളത്തിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിന് സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ വി.എസ് ശിവകുമാർ എം.എൽ.എ, ടൂറിസം ഡയറക്ടർ ബാലകിരൺ, ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയർമാൻ ജി.ശങ്കർ, വ്യാപാരി വ്യവസായി സംഘടനാ നേതാക്കൾ, തൊഴിലാളി സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.