gold

 വിലയിടിവിന് കാരണം ലാഭമെടുപ്പ്

കൊച്ചി: ഏറെനാൾ നീണ്ട റെക്കാഡ് കുതിപ്പിന് താത്കാലിക വിരാമമിട്ട് സ്വർണവില ഇന്നലെ നേരിയതോതിൽ കുറഞ്ഞു. കേരളത്തിൽ പവൻ വില 480 രൂപ കുറഞ്ഞ് 31,​520 രൂപയായി. ഗ്രാമിന് 60 രൂപ താഴ്‌ന്ന് വില 3,​940 രൂപയിലെത്തി. തിങ്കളാഴ്‌ച പവൻ വില 32,​000 രൂപയും ഗ്രാം വില 4,​000 രൂപയുമായിരുന്നു.

കൊറോണ വൈറസ് ആഗോള സമ്പദ്‌വളർച്ച കുത്തനെ കുറയാൻ ഇടയാക്കുമെന്ന വിലയിരുത്തലുകളെ തുടർന്ന്,​ സുരക്ഷിത നിക്ഷേപമെന്ന പെരുമ ലഭിച്ചതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കൂടാൻ കാരണം. ആഗോളതലത്തിൽ ഗോൾഡ് ഇ.ടി.എഫുകളിലേക്ക് വൻതോതിൽ നിക്ഷേപം ഒഴുകി. എന്നാൽ,​ ഇന്നലെ ഇ.ടി.എഫുകളിൽ കനത്ത ലാഭമെടുപ്പ് നടന്നത് സ്വർണവില കുറയാനിടയാക്കി.

ഡോളറിനെതിരെ രൂപ നേട്ടമുണ്ടാക്കിയതും സ്വർണവിലയെ താഴേക്ക് നയിച്ചു. 13 പൈസ ഉയർന്ന് 71.85ലാണ് ഡോളറിനെതിരെ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം,​ കൊറോണ ഭീതി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല എന്നതിനാൽ,​ വരും ദിവസങ്ങളിലും പൊന്നിൻ വിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. ഔൺസിന് 1,​680 ഡോളർ വരെ ഉയർന്ന രാജ്യാന്തര വില ഇപ്പോൾ 1,​650 ഡോളറിലാണുള്ളത്. ന്യൂഡൽഹി ബുള്ള്യൻ വില ഇന്നലെ പത്തു ഗ്രാമിന് 954 രൂപ കുറഞ്ഞ് 43,​549 രൂപയായി.