കൊട്ടാരക്കര: കുന്നിക്കോട് ചക്കുവരയ്ക്കലിൽ വഴിയിൽ വച്ച് അക്രമിസംഘത്തിന്റെ കുത്തേറ്റ യുവാവ് ആശുപത്രിയിൽ മരിച്ചു. ചക്കുവരയ്ക്കൽ താഴത്ത് മലയിൽ ഷൈനി ഭവനിൽ ബാബുവിന്റെ മകൻ ഡൈനീഷ് ബാബുവാണ് (30) ഇന്നലെ രാവിലെ 8.45ഓടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. വെൽഡിംഗ് തൊഴിലാളിയാണ് ഡൈനീഷ്.
കേസിൽ ചക്കുവരയ്ക്കൽ താഴം തച്ചക്കോട് മേലതിൽ റോബിൻ അലക്സാണ്ടർ (ജോജി-35), ചക്കുവരയ്ക്കൽ വഴിവിള പുത്തൻവീട്ടിൽ ടോണി (27), കൊട്ടാരക്കര പ്ളാപ്പള്ളി പി.വി നിവാസിൽ ജ്യോതിഷ് (26), ചക്കുവരയ്ക്കൽ തുളസി വിലാസത്തിൽ ബിനു(41) എന്നിവരെയാണ് കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഒന്നാം പ്രതി വിഷ്ണു ഉൾപ്പെടെ മൂന്നുപേർ ഒളിവിലാണ്.
21ന് രാത്രി 8.30 ഓടെ ചക്കുവരയ്ക്കൽ താഴം ജനതാ കാഷ്യു ഫാക്ടറിയ്ക്ക് സമീപത്തുവച്ചാണ് ഡൈനീഷ് ബാബുവിനെ ആക്രമിച്ചത്. ചക്കുവരയ്ക്കലിൽ ക്ഷേത്രത്തിൽ അന്ന് ഉത്സവമായിരുന്നു. ഡൈനീഷ് ബാബുവിന്റെ വീടിന് മുന്നിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് ആക്രമിക്കാൻ കാരണം. പ്രതികളിൽ ഒരാളുടെ കുടുംബ വഴക്കിനെപ്പറ്റി പൊലീസിൽ അറിയിച്ചതിന്റെ മുൻവൈരാഗ്യവും നിലനിന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡൈനീഷ് ബാബുവിനെ തടഞ്ഞുനിറുത്തി കഠാരകൊണ്ട് നെഞ്ചിലും മുതുകിലും കുത്തിയത്. അന്നുതന്നെ റോബിൻ അലക്സാണ്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുന്നിക്കോട് സി.ഐ പി.ഐ മുബാറക്, എസ്.ഐ ബെന്നിലാലു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.