delhi

നൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ ചേരി തിരിഞ്ഞുള്ള അക്രമങ്ങളും കൊള്ളിവയ്പും

റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകർക്കും ചാനൽ കാമറകൾക്കും നേരേയും

പലയിടത്തും അക്രമികൾ തിരിഞ്ഞു.

ജെ.കെ 24X7നിലെ മാദ്ധ്യമപ്രവർത്തകൻ ആകാശിന് മൊജ്പുരിൽ വച്ച് വെടിയേറ്റു. ആകാശിന്റെ നില ഗുരുതരമാണ്. പൗരത്വ നിയമ അനുകൂലികൾ അഞ്ച് എൻ.ഡി.ടി.വി പ്രവർത്തകരെ ആക്രമിച്ചു. റിപ്പോർട്ടർ അരവിന്ദ് ഗുണശേഖറിന്റെ പല്ല് അടിച്ചുതകർത്തു. തടയാൻശ്രമിച്ച കാമറാമാൻ സൗരഭ് ശുക്ലയ്ക്കും മർദ്ദനമേറ്റു. മൗജ്പൂർ മേഖലയിൽ അക്രമികൾ പള്ളി കത്തിച്ച ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് അരവിന്ദ് ഗുണശേഖരനും സൗരഭ് ശുക്ലയും ആക്രമിക്കപ്പെട്ടത്.

റിപ്പോർട്ടർമാരായ മരിയം അലവിയും ശ്രീനിവാസൻ ജയിനും അക്രമിക്കപ്പെട്ടു. കാമറാമാൻ സുശീൽ രതിക്കും മർദ്ദനമേറ്റു. അക്രമ ദൃശ്യങ്ങൾ നീക്കം ചെയ്ത ശേഷമാണ് ഇവരെ വിട്ടയച്ചത്.

മാദ്ധ്യമപ്രവർത്തകരോടും മതം ചോദിച്ച് അക്രമം അഴിച്ചുവിടുന്ന സ്ഥിതിയാണ്.മലയാളി മാദ്ധ്യമപ്രവർത്തകർക്ക് നേരെയും കൈയേറ്റമുണ്ടായി. മീഡിയവൺ റിപ്പോർട്ടർ എ. റഷീദുദ്ദീൻ, കാമറമാൻ പി.എം ഷാഫി എന്നിവരെ ഒരുസംഘം കൈയ്യേറ്റം ചെയ്തു. ജഫ്രബാദ് മെട്രോസ്റ്റേഷനു സമീപം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ആക്രമണം. മനോരമ റിപ്പോർട്ടർ ഹരിതയെയും തടഞ്ഞു. ഏഷ്യാനെറ്റിലെ പി.ആർ സുനിലിനെ മതം ചോദിച്ച് ഒരുസംഘം റിപ്പോർട്ടിംഗ് തടസപ്പെടുത്തി.

നാലിടങ്ങളിൽ

കർഫ്യൂ

: ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുന്ന വടക്കൻ കിഴക്കൻ ഡൽഹിയിലെ നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ചാന്ദ്ബാഗ്,കരാവൽ നഗർ, മോജ്പുർ, ജഫ്രാബാദ് എന്നിവിടങ്ങളിലാണ് കർഫ്യൂ. ഡൽഹി അതിർത്തിയായ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടത്തെ മദ്യഷോപ്പുകൾ അടച്ചിട്ടു.

സംഘർഷത്തിൽ പരിക്കേറ്റവരിൽ 48 പേർ പൊലീസുകാരാണ്. മൂന്നു ഫയർമാൻമാർക്കും 98 ആളുകൾക്കും പരിക്കുണ്ട്. അതേസമയം സംഘർഷം നേരിടാൻ പൊലീസ് സേനയുടെ കുറവുണ്ടെന്ന വാർത്ത ഡൽഹി പൊലീസ് നിഷേധിച്ചു. സി.ആർ.പി.എഫ്, ദ്രുതകർമ്മസേന ഉൾപ്പെടെ ആവശ്യത്തിനുള്ള സേനയെ പ്രശ്നബാധിത മേഖലകളിൽ നിയോഗിച്ചിട്ടുണ്ടെന്ന് പി.ആർ.ഒ അറിയിച്ചു. ജനങ്ങൾ അഭ്യൂഹങ്ങൾ പരത്തരുതെന്നും രാഷ്ട്രീയപാർട്ടികൾ പൊലീസുമായി സഹകരിക്കണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. സമാധാനം നിലനിറുത്താൻ കോൺഗ്രസ് പ്രവർത്തകർ സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. തിങ്കളാഴ്ച ജഫ്രാബാദിൽ പൊലീസിനെതിരെ തോക്കുചൂണ്ടുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്ത 33കാരനായ ഷാരൂഖിനെ

അറസ്റ്റ് ചെയ്തു. ഇയാൾ തോക്കുചൂണ്ടി നിൽക്കുന്ന ചിത്രം വൈറലായിരുന്നു.

കലാപം:ഹർജി ഇന്ന്

സുപ്രീംകോടതിയിൽ

അക്രമസംഭവങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്, മുൻ മുഖ്യ വിവരാവകാശ കമ്മീഷണർ വജാഹത്ത് ഹബീബുള്ള, ഷഹീൻബാഗ് സ്വദേശി ബഹദൂർ അബ്ബാസ് നഖ്വി എന്നിവർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഡൽഹി ഹൈക്കോടതിയിലും ഹർജിയുണ്ട്.