ഭുവനേശ്വർ: പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് അരങ്ങൊരുക്കിയ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി യൂണിവേഴ്സിറ്റി യുവകായിക പ്രതിഭകളുടെ സംഗമവേദിയായി. ഇരുന്നൂറോളം സർവകലാശാലകളിൽ നിന്നായി ഏതാണ്ട് നാലായിരം താരങ്ങൾ ഇവിടെ 17 ഇനങ്ങളിലായി മാറ്റുരയ്ക്കുകയാണ്. 22ന് തുടങ്ങിയ ഈ കായികമാമാങ്കം മാർച്ച് ഒന്നിനാണ് സമാപിക്കുക.
കായികമേഖലയിൽ സമ്പന്ന പാരമ്പര്യമുള്ള സ്ഥാപനമെന്ന നിലയിൽ പ്രഥമ മേളയ്ക്ക് കലിംഗ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയ്ക്കും കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിനും ഇതിനകം മുപ്പത് ഇനങ്ങളിലായി അയ്യായിരത്തിൽപരം കായികപ്രതിഭകളെ സൃഷ്ടിക്കാനായിട്ടുണ്ട്. ഇവരിൽ ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലും വരെ പങ്കെടുത്തവരുണ്ടെന്ന് കലിംഗ സ്ഥാപകൻ പ്രൊഫ.അച്യുത സാമന്ത പറഞ്ഞു.