rana-ayyub

ഗോധ്ര കലാപത്തിന് പിന്നിൽ പ്രവർത്തിച്ച കാര്യങ്ങളെ കുറിച്ചുള്ള സത്യങ്ങൾ പുറത്തുകൊണ്ടുവന്ന മാദ്ധ്യമപ്രവർത്തക റാണാ അയൂബിന് 2020ലെ മെക്ക്ഗിൽ മെഡൽ. ധീരമായ മാദ്ധ്യമപ്രവർത്തനം നടത്തിയതിനാണ് റാണയെ തേടി ഈ പുരസ്കാരമെത്തിയത്. 'സ്വന്തം കഥ പറയാൻ കഴിവില്ലാത്തവർക്ക് വേണ്ടി ആ ദൗത്യം പ്രതിജ്ഞാബദ്ധതയോടെ ഏറ്റെടുത്തതാണ്' റാണയെ ഈ പുരസ്‌കാരത്തിന് അർഹയാക്കിയതെന്ന് 'മെക്ക്ഗിൽ ഫെല്ലോ' ആയ സോഫിയ ഗ്രേറ്റ്സ് പറഞ്ഞു.

അമേരിക്കയിലെ ജോർജിയ യൂണിവേഴ്സിറ്റിയിലെ ഗ്രേഡി കോളേജിൽ വച്ച് ഏപ്രിൽ 22ന് പുരസ്കാരം സമ്മാനിക്കും. ടെഹൽക്ക മാസികയിലെ റിപ്പോർട്ടറായിരുന്ന റാണാ അയൂബ് ഇപ്പോൾ അമേരിക്കൻ പത്രമായ 'ദ വാഷിങ്ടൺ പോസ്റ്റി'ന്റെ ഗ്ലോബൽ ഒപ്പീനിയൻസ് സെക്‌ഷനിലെ കോൺട്രിബ്യൂട്ടിംഗ് റൈറ്ററാണ്.

2010ൽ, സൊഹ്‌റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ ജയിലിലേക്ക് അയക്കാൻ കാരണമായത് റാണയുടെ റിപ്പോർട്ടുകൾ ആയിരുന്നു. ഗോധ്ര കലാപത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്ന് വെളിപ്പെടുത്തുന്ന റാണയുടെ 'ദ ഗുജറാത്ത് ഫയൽസ്: അനാട്ടമി ഒഫ് എ കവർഅപ്പ്' എന്ന പുസ്തകം വൻ വിവാദം ക്ഷണിച്ച് വരുത്തിയിരുന്നു.

2002ൽ നടന്ന ഗോധ്ര കലാപത്തിന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ മൗനാനുവാദം ഉണ്ടായിരുന്നു എന്ന ഗുജറാത്തിലെ ഉന്നത പൊലീസ്, സർക്കാർ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകൾ ആയിരുന്നു പുസ്തകത്തിൽ ഉണ്ടായിരുന്നത്. വേഷം മാറി നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലൂടെ ആയിരുന്നു റാണ അയൂബ് ഈ വിവരം പുറത്തുകൊണ്ടുവന്നത്.