ന്യൂഡൽഹി: പ്രക്ഷോഭം രൂക്ഷമാകുന്ന വടക്ക് കിഴക്കൻ ഡൽഹിയിൽ ഷൂട്ട് അറ്റ് സൈറ്റ് ഓർഡൽ ഇപ്പോഴും നിലനിൽക്കുന്നതായി ഡൽഹി പൊലീസ് അറിയിച്ചു. ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ പിൻവലിച്ചതായി ചില മാദ്ധ്യമങ്ങൾ വാർത്ത പുറത്തു വിട്ടതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഡൽഹി പൊലീസ് നിലപാട് വ്യക്തമാക്കിയത്.
അതേസമയം സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ വടക്കുകിഴക്കന്‍ ഡൽഹിയിൽ അടുത്ത മുപ്പത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കലാപം രൂക്ഷമാകുന്ന തെരുവുകളിൽ പൊലീസിന്റെ സാന്നിദ്ധ്യം പോലുമില്ലെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, അക്രമങ്ങളിൽ വെടിയേറ്റവരെ പോലും ആശുപത്രികളിലെത്തിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുകയാണെന്നാണ് ലഭിക്കുന്ന വിവരം. ആവശ്യമായ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നാണ് ഡൽഹി പൊലീസ് അവകാശപ്പെടുന്നത്. സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും രംഗത്തുണ്ടെന്നും ഡൽഹി പൊലീസ് അറിയിച്ചു. കലാപത്തിൽ മരണമടഞ്ഞവരുടെ എണ്ണവും 13 ആയി ഉയർന്നിട്ടുണ്ട്.